പോക്സോ കേസ് പ്രതിക്ക് 23 വർഷം കഠിനതടവ്

പാലക്കാട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം കഠിനതടവും 1,30,000 രൂപ പിഴയും ശിക്ഷ. മുണ്ടൂർ വള്ളിക്കോട് വലിയ കാട്ടുപറമ്പ് സ്വദേശി ബാലമുരുകനെ(23)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പതുമാസം അധിക കഠിന തടവ് അനുഭവിക്കണം. കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായം നൽകണമെന്നും ജഡ്ജി എം സിന്ധു തങ്കം വിധിച്ചു. 2023 ഡിസംബർ മുതൽ 2024 ഫെബ്രുവരിവരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം. 17 വയസ്സുള്ള അതിജീവിതയോട് പ്രണയം നടിച്ച് പലതവണ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന എ ഷെഫീഖാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ച് 35 രേഖകൾ സമർപ്പിച്ചു. ലൈസൺ ഓഫീസർ എഎസ്‌ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.










0 comments