ad
Deshabhimani

റെയിൽവേ അനാസ്ഥയിൽ വലഞ്ഞ്‌ ജനം

കൊല്ലങ്കോട് സ്റ്റേഷനിൽ 
സൗകര്യം പരിമിതം

കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ സിമന്റ് തറയിൽ ഇരിക്കുന്ന യാത്രക്കാർ
വെബ് ഡെസ്ക്

Published on Jun 19, 2026, 02:00 AM | 1 min read

കൊല്ലങ്കോട്

ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ റെയിൽവേ. ദീർഘദൂര ട്രെയിനുകളുടെ 22, 23, 24 ബോഗികൾക്ക് നിൽക്കാൻ പാകത്തിൽ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടിയിട്ടുണ്ടെങ്കിലും മേൽക്കൂര നിർമിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. രാത്രി എട്ടുമണിക്ക് സ്റ്റേഷനിലെത്തുന്ന അമൃത എക്സ്പ്രസിന്റെ എൻജിൻ ക്യാബ്, രണ്ട് ലോക്കൽ കംപാർട്ട്മെന്റുകൾ, ഒരു റിസർവേഷൻ കംപാർട്ട്മെന്റ് എന്നിവ മേൽക്കൂരയില്ലാത്ത ഈ ഭാഗത്താണ് വന്നുനിൽക്കുന്നത്. പ്ലാറ്റ്‌ഫോമിന്റെ ഈ ഭാഗത്ത് ഇരിപ്പിടങ്ങളോ, കുടിവെള്ളമോ, വെളിച്ചമോ, ശുചിമുറിയോ ഇല്ല. കൂടാതെ ട്രെയിൻ നിൽക്കുന്ന കോച്ചുകളുടെ നമ്പർ പ്ലാറ്റുഫോമിൽ പ്രദർശിപ്പിക്കാത്തതിനാൽ മിനിറ്റുകൾ മാത്രം കിടക്കുന്ന ട്രെയിനിൽ കയറാൻ ബോഗികൾ തിരഞ്ഞ് യാത്രക്കാർക്ക്‌ ഓടേണ്ടി വരുന്നു. ട്രെയിൻ ഇറങ്ങി സ്റ്റേഷന് പുറത്തും വെളിച്ചമില്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. പ്ലാറ്റ്‌ഫോമിൽ മുഴുവൻ ഭാഗത്തും മേൽക്കൂര നിർമിക്കുക, സീറ്റുകൾ, കുടിവെള്ളം, കോച്ച് ഇൻഡിക്കേറ്ററുകൾ എന്നിവ സ്ഥാപിക്കുക, സ്റ്റേഷന് പുറത്ത് വെളിച്ചം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home