ad
Deshabhimani

ദുരിതത്തിലായി യാത്രക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി അലേഷ്യസ്‌

Published on Jan 14, 2026, 12:01 AM | 1 min read

ആലത്തൂർ

വലിയ കുഴി, നടക്കാൻപോലും ഇടമില്ല, ബസ്‌ കാത്തുനിൽക്കാനും വഴിയില്ല... ദേശീയപാത സ്വാതി ജങ്‌ഷനിൽ മേൽപ്പാലം നിർമാണം തുടങ്ങിയതോടെ ദുരിതത്തിലായത്‌ ജനങ്ങളാണ്‌. ഗതാഗതം നിരോധിച്ചതോടെ താലൂക്ക്‌ ആസ്ഥാനത്തേക്കും സ്‌കൂൾ, ആശുപത്രി, മിനി സിവിൽസ്‌റ്റേഷൻ, കോടതി, പൊലീസ്‌ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിനാളുകളാണ്‌ ബുദ്ധിമുട്ടിലായത്‌. സ്വാതി ജങ്‌ഷൻ മറികടക്കാൻ രണ്ടരക്കിലോമീറ്റർ സഞ്ചരിക്കണമെന്ന അവസ്ഥയാണിപ്പോൾ. സാധാരണഗതിയിൽ സർവീസ്‌ റോഡുകൾ പൂർത്തിയാക്കിയശേഷമാണ്‌ മേൽപ്പാലം നിർമാണം തുടങ്ങുക. എന്നാലിവിടെ ദേശീയപാത അതോറിറ്റി എല്ലാം ഒരുമിച്ചാണ്‌ തുടങ്ങിയത്‌. സർവീസ് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ദേശീയപാത അതോറിറ്റിയുടെ അശാസ്‌ത്രീയ ഗതാഗതനിയന്ത്രണമാണ്‌ ജനങ്ങളെ കൂടുതൽ വലയ്‌ക്കുന്നത്‌. ആലത്തൂർ ടൗണിൽനിന്ന്‌ സ്വാതി ജങ്‌ഷനിൽ എത്തുന്ന യാത്രക്കാർക്ക് ഏതുവഴി പോകണമെന്ന് ഒരു പിടിയുമില്ല. പുതിയങ്കം ഭാഗത്തേക്ക് പോകണമെങ്കിൽ ചുറ്റിത്തിരിയണം. സ്വാതി ജങ്‌ഷനിൽനിന്ന്‌ ദേശീയപാതയിലേക്ക് കടന്ന്‌ 200 മീറ്റർ സഞ്ചരിച്ച് ദേശീയപാത കുറുകെ കടന്നുവേണം സ്പീഡ് ട്രാക്കിലേക്ക് പ്രവേശിക്കാൻ. ഇതിനിടയിൽ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളുടെ അപകടവും മറികടക്കണം. ഇനിയെങ്ങാനും സ്വാതി ജങ്‌ഷനിലെത്തി അബദ്ധത്തിൽ സർവീസ് റോഡിലേക്ക് പ്രവേശിച്ചാൽ കിണ്ടിമുക്ക് വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ച് പിന്നെയും സ്വാതി ജങ്‌ഷനിൽ തന്നെ എത്തണം. പെരുങ്കുളം ഭാഗത്തുനിന്ന്‌ ആലത്തൂരിലേക്ക് പോകാൻ വാനൂർ പൊട്ടിമട ക്രോസിങ്‌ മറികടക്കണം. ഏതുവഴി പോയാലും ചുറ്റിത്തിരിയണമെന്ന്‌ സാരം. ഇത് സംബന്ധിച്ച്‌ ഒരു മുന്നറിയിപ്പും ദേശീയപാത അധികൃതർ സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡുകൾ എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുത്താൽ മാത്രമേ ഇ‍ൗ പ്രശ്നത്തിന്‌ പരിഹാരമാകൂ. ദേശീയപാത 544ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ നിർമിക്കുന്ന 11 മേൽപ്പാലങ്ങളിൽ ഒന്നാണ് ആലത്തൂർ സ്വാതി ജങ്‌ഷനിലേത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home