നേട്ടവുമായി പാലക്കാട് ഐഐടി; ഹെപ്പാരിൻ അളവ് നിർണയിക്കാൻ സെൻസർ

ഡോ. ഷണ്‍മുഖരാജു ശങ്കരശേഖരന്‍, എം കെ നൗഷിജ എന്നിവർ
കഞ്ചിക്കോട്
രക്തം കട്ടപിടിക്കാതിരിക്കാന്‍ നൽകുന്ന ഹെപ്പാരിന്‍ മരുന്നിന്റെ അളവ് വേഗത്തിലും സുരക്ഷിതമായും നിരീക്ഷിക്കാന്‍ സഹായിക്കുന്ന അത്യാധുനിക ബയോമെഡിക്കല്‍ കീമോ സെന്‍സര്‍ വികസിപ്പിച്ച് പാലക്കാട് ഐഐടിയിലെ ഗവേഷകര്‍. രസതന്ത്രം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷണ്‍മുഖരാജു ശങ്കരശേഖരന്‍, ഗവേഷക വിദ്യാർഥിനി എം കെ നൗഷിജ എന്നിവരാണ് ഫ്‌ളൂറസെൻസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നേട്ടത്തിന് പിന്നിൽ. ഹൃദയശസ്ത്രക്രിയ, ഡയാലിസിസ്, രക്തപ്പകര്‍ച്ച തുടങ്ങിയ പ്രക്രിയകളില്‍ രക്തം കട്ടപിടിക്കുന്നതും അമിത രക്തസ്രാവമുണ്ടാകുന്നതും തടയാന്‍ ഹെപ്പാരിന്റെ കൃത്യമായ ഡോസേജ് അറിയേണ്ടതുണ്ട്. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയുള്ള നിലവിലെ രീതിയിലെ പരിമിതികളെ തരണം ചെയ്യാനുതകുന്നതാണ് പുതിയ കീമോസെന്‍സറുകള്‍. പ്രത്യേകം രൂപകല്‍പ്പന ചെയ്ത സെൻസർ തന്മാത്രകള്‍ മഞ്ഞ-–പച്ച നിറത്തില്‍ പ്രകാശം പുറത്തുവിടുകയും ഹെപ്പാരിന്റെ സാന്നിധ്യത്തില്‍ ഇതിന്റെ തീവ്രത കുറയുകയും ചെയ്യുന്നു. ഇതിലൂടെ ലളിതമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് മരുന്നിന്റെ അളവ് കണ്ടെത്താം. ഒരൊറ്റ ഘട്ടത്തിൽത്തന്നെ സെന്‍സര്‍ തന്മാത്രകള്‍ നിര്‍മിച്ചെടുക്കാമെന്നതിനാല്‍ നിര്‍മാണച്ചെലവും സങ്കീര്‍ണതയും കുറവാണ്. മനുഷ്യ സീറം ഉള്‍പ്പടെയുള്ള സങ്കീര്‍ണ ജൈവ സാമ്പിളുകളില്‍പ്പോലും ഹെപ്പാരിനെ കൃത്യമായി തിരിച്ചറിയാന്‍ ഇതിന് കഴിയും. ലളിതവും ഉയര്‍ന്ന കൃത്യതയുമുള്ള ഇൗ സാങ്കേതികവിദ്യ ക്ലിനിക്കല്‍ ഉപയോഗത്തിന് ഇത് ഏറെ അനുയോജ്യമാണെന്ന് ഡോ. ഷണ്‍മുഖരാജു പറഞ്ഞു. ഭാവിയില്‍ ‘പോയിന്റ് ഓഫ് കെയര്‍’ പരിശോധനാ ഉപകരണങ്ങൾ നിർമിക്കാൻ കണ്ടെത്തൽ വഴിതുറക്കും. അടിയന്തര സാഹചര്യങ്ങളിൽ ഡോക്‌ടർമാർക്ക് ശരിയായ തീരുമാനമെടുക്കാനും രോഗികളുടെ സുരക്ഷ വർധിപ്പിക്കാനും പുതിയ സെൻസർ സഹായകമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.









0 comments