ആരോഗ്യം സൂപ്പറാകും
16 ഡോക്‌ടർമാരെക്കൂടി നിയമിക്കും


സ്വന്തം ലേഖകൻ
Published on Jan 09, 2026, 02:00 AM | 1 min read
പാലക്കാട്
ജില്ലയിലെ ആരോഗ്യമേഖലയ്‌ക്ക് കരുത്തുപകരാൻ 16 ഡോക്ടർമാരെക്കൂടി നിയമിക്കും. സീനിയോറിറ്റി ലിസ്റ്റ് പരിശോധിച്ചശേഷം നിയമന നടപടി തുടങ്ങും. പാലക്കാട് ജില്ലാ ആശുപത്രിയിൽ കൺസൾട്ടൻസി കാർഡിയോളജിസ്റ്റ്, കൺസൾട്ടൻസി യൂറോളജി, ഒറ്റപ്പാലം, ചിറ്റൂർ താലൂക്ക് ആശുപത്രിളിൽ രണ്ടുവീതം അസിസ്റ്റന്റ് സർജൻമാർ, എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ, പാലക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് റേഡിയോ ഡയഗ്‌നോസിസ്, കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റിട്രിക് ആൻഡ് ഗൈനക്കോളജി, റേഡിയോളജി ഡയഗ്‌നോസിസ്, ചിറ്റൂർ, കോട്ടത്തറ തലൂക്ക് ആശുപത്രികളിൽ ജൂനിയർ കൺസൾട്ടന്റ അനസ്‌തേഷ്യ എന്നിങ്ങനെയാണ് ഡോക്‌ടർമാരെ നിയമിക്കുക. ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലാ/ജനറൽ താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി ഉൾപ്പടെ വിവിധ വിഭാഗം ഡോക്ടർമാർക്കായി സംസ്ഥാനത്താകെ സർക്കാർ 202 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഡിസംബർ 23നാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. 2016ൽ അധികാരത്തിൽ വന്നതുമുതൽ ജില്ലയിലെ ആരോഗ്യരംഗത്ത് വലിയമാറ്റമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. ആധുനിക കെട്ടിടങ്ങൾ വന്നതോടെ ആതുരാലയങ്ങളുടെ മുഖഛായതന്നെ മാറി. ഒരു ഡോക്ടർമാത്രമുണ്ടായിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരെ നിയമിച്ചു. ലാബ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളൊരുക്കി. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളെത്തിച്ചു. ആധുനിക രീതിയിലുള്ള ഐസിയു, ഓപ്പറേഷൻ തിയറ്റർ എന്നിവ സ്ഥാപിച്ചു. ഇതിന്റെ തുടർച്ചയാണ് ഡോക്ടർമാരുടെ നിയമനം.









0 comments