6 നില കെട്ടിട നിര്‍മാണം അവസാനഘട്ടത്തിൽ
ജില്ലാ ആശുപത്രിക്കെതിരെ ദുഷ്‌പ്രചാരണം

പാലക്കാട്
ജില്ലാ ആശുപത്രിയെ മോശമായി ചിത്രീകരിക്കുന്നതിന് ചില മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മികച്ച രീതിയിലാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ ചില മാധ്യമങ്ങൾ നിരന്തരം ദുഷ്‌പ്രചാരണം നടത്തുന്നു. സംസ്ഥാനത്തെ മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്ന കായകൽപ്പ പുരസ്കാരത്തിൽ നാലാം സ്ഥാനത്തെത്താൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. മികച്ച രോഗി പരിചരണവും ശുചിത്വവും മാലിന്യ നിർമാർജനവും ഉറപ്പുവരുത്തിയാണ് നേട്ടം. ദിവസവും 1500ന് മുകളിൽ രോഗികളെത്തുന്ന ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് നാല് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളുണ്ട്. കൂടുതൽ നിലവാരമുള്ള അത്യാധുനിക ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് ഇതിനോടകം നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 127.15 കോടി ചെലവിലാണ് കെട്ടിടം പൂർത്തിയാകുന്നത്. ആറ് നിലകളുള്ള കെട്ടിടത്തിൽ ഒപി, വാർഡുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, സ്റ്ററിലൈസേഷൻ യൂണിറ്റ്, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്, ലാബുകൾ എന്നിങ്ങനെ മികച്ച സംവിധാനങ്ങളുണ്ട്. നിർമാണം പൂർത്തിയായാൽ ജില്ലയിലെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടും. വസ്‌തുത ഇതാണെന്നിരിക്കെ ജില്ലാ ആശുപത്രിയെ തകർക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇൗ ശ്രമത്തെ ജനം തള്ളുമെന്നും ബിനുമോൾ പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങളെ അനുമോദിച്ചു
പാലക്കാട്
കായകൽപ്പ പുരസ്കാരം നേടിയ ജില്ലാ ആശുപത്രിയെയും വനിത ശിശു ആശുപത്രിയെയും ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. സംസ്ഥാനത്ത് ജില്ലാ ആശുപത്രിക്ക് നാലാം സ്ഥാനവും വനിത ശിശു ആശുപത്രിക്ക് അഞ്ചാം സ്ഥാനവുമാണ്. അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, സ്ഥിരംസമിതി ചെയർപേഴ്സൺ എ ഷാബിറ, ജില്ലാ ആശുപത്രി സൂപ്രണ്ട് പി കെ ജയശ്രീ എന്നിവർ പങ്കെടുത്തു.









0 comments