സൈബര്‍ തട്ടിപ്പ്
യുവാവിന്റെ 20.25 ലക്ഷം തിരിച്ചുപിടിച്ച് പാലക്കാട് സൈബര്‍ പൊലീസ്

പാലക്കാട്
കുറഞ്ഞ വിലയ്ക്ക് ഡൽഹി രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് മണ്ണാർക്കാട് അലനല്ലൂർ സ്വദേശി റിതിൻ നാരായണനിൽനിന്ന് തട്ടിയ 20,50,000 രൂപയിൽ 20,25,000 രൂപയും തിരിച്ചുപിടിച്ച് പാലക്കാട് സൈബർ പൊലീസ്. ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡൽഹിയിൽനിന്നുള്ള ഡീസൽ വാഹനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുമെന്ന ഫെയ്സ്ബുക്കിലെ പരസ്യം കണ്ടാണ് യുവാവ് ഇവരെ ബന്ധപ്പെട്ടത്. വാട്സാപ്പിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്ച്യൂണർ എന്നീ രണ്ട് വാഹനം 20,50,000 രൂപയ്ക്ക് നൽകാമെന്ന് പറഞ്ഞു. അഡ്വാൻസായി 50,000 രൂപ അക്കൗണ്ടിലൂടെ വാങ്ങി. ശേഷം ഡൽഹിയിൽ എത്താൻ നിർദേശിച്ചു. തുടർന്ന്, യുവാവും സുഹൃത്തും ഡൽഹിയിലെത്തി ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ വാഹനങ്ങൾ ഉടൻ ഗ്യാരേജിൽനിന്ന് എത്തിക്കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപകൂടി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീട് വിളിച്ചപ്പോൾ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് ഡല്‍ഹി പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. തുടര്‍ന്ന് സൈബര്‍ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് തിരികെ നാട്ടിലെത്തി പാലക്കാട് സൈബര്‍ പൊലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ സൈബര്‍ പൊലീസ് തട്ടിപ്പുകാരുടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള എട്ടോളം അക്കൗണ്ടുകള്‍ പരിശോധിച്ച് ട്രാൻസ്ഫർ ചെയ്ത തുക കണ്ടെത്തി. അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത് കോടതി വിധിയിലൂടെയാണ് പണം തിരികെപിടിച്ച് പരാതിക്കാരന് നൽകിയത്. പാലക്കാട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രസാദ്, സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, എസ്ഐമാരായ റിനീഷ്, ജമീഷ്, എഎസ്ഐ മനേഷ്, സിപിഒ വിനോദ്കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.










0 comments