നെൽകൃഷിയെ ചതിച്ച് മഴ; പൊടിവിത താളംതെറ്റി


സ്വന്തം ലേഖകൻ
Published on May 10, 2026, 12:40 AM | 1 min read
കൊല്ലങ്കോട്
കാലം തെറ്റിയ കാലാവസ്ഥ നെൽകൃഷിയെ പ്രതിസന്ധിയിലാക്കുന്നു. വേനൽമഴ തുടക്കത്തിൽ വൈകിയെങ്കിലും ഒടുവിൽ ശക്തമായി പെയ്തതോടെ വയലുകൾ വെള്ളത്തിൽ മുങ്ങി. ഇതോടെ പൊടിവിതയുടെ കാര്യം അവതാളത്തിലായി. മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും പെയ്യുന്ന വേനൽമഴയിൽ നിലമുഴുത് ഒന്നാം വിളയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് പതിവ്. രണ്ടോ മൂന്നോ തവണ ഉഴുതുമറിച്ച് നിലം പാകമാക്കിയ ശേഷം മെയ് ആദ്യം പെയ്യുന്ന മഴയിലാണ് പൊടിവിത നടത്തുന്നത്. അതോടൊപ്പം പൊടിവിത നടത്താത്ത നെൽവയലുകൾക്ക് ആവശ്യമായ ഞാറ്റടി തയ്യാറാക്കുന്നതും മെയ് ആദ്യം പെയ്യുന്ന വേനൽമഴയിലാണ്. എന്നാൽ കനത്ത മഴ പെയ്തതോടെ വെള്ളക്കെട്ടിലായ നെൽവയലുകളിൽ ഇനി പൊടിവിത നടത്താൻ കഴിയാത്ത സ്ഥിതിയാണ്. പറിച്ചുനടീൽ മാത്രമാണ് പ്രതിവിധി. വിളവിറക്കാനുള്ള ചെലവ് കുറയും നല്ല വിളവും ലഭിക്കുമെന്നതാണ് പൊടിവിതയുടെ പ്രത്യേകത. ഒന്നാം വിള പറിച്ചുനടീൽ നടത്തുന്നതിന് ഞാറ്റടി തയ്യാറാക്കാനുള്ള തിരക്കിലാണ് കർഷകരിപ്പോൾ. ഞാറ്റടി പൊടിയിലും വെള്ളം കെട്ടിനിർത്തി ഉഴുതുമറിച്ച് ചെളിയിലും തയ്യാറാക്കാൻ കഴിയും.











0 comments