കേന്ദ്രമേ കാണൂ
ജീവിതപ്പാടം കതിരിടും നാടിത്

പ്രത്യേക ലേഖകൻ
Published on Feb 10, 2026, 12:48 AM | 1 min read
പാലക്കാട്
നെൽക്കർഷകരെ ചതിക്കുന്ന കേന്ദ്രസർക്കാരിന് ഇതാ മറ്റൊരു ചേർത്തുനിർത്തലിൻ പാഠം. നെൽക്കൃഷി പ്രോത്സാഹിപ്പിക്കാനും കർഷകരെ കൃഷിയിൽ ഉറപ്പിച്ചുനിർത്താനും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുന്നതിന്റെ മാതൃക. വർഷം 13 കോടി രൂപയാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റിൽ ഉഴവുകൂലിക്ക് മാത്രമായി നീക്കിവയ്‌ക്കുന്നത്. പ്രോത്സാഹന ബോണസ് നിർത്തണമെന്ന് കേന്ദ്രം ശഠിക്കുന്പോൾ കർഷകർക്കൊപ്പമാണ് സംസ്ഥാന സർക്കാർ എന്നതിന്റെ തെളിവാണിത്. ഹെക്ടറിന് വർഷം 17,500 രൂപയാണ് കർഷകർക്ക് സബ്‌സിഡി നൽകുന്നത്. മലന്പുഴ അണക്കെട്ടിൽനിന്ന് നെൽകൃഷിക്ക് വെള്ളം തുറന്നുവിടുന്പോൾ അത് തടസമില്ലാതെ യഥാസമയം വയലുകളിലേക്ക് എത്താൻ കനാൽ നവീകരണം ജില്ലാപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി. കൂലി നൽകാൻ വർഷം ഒരു കോടി രൂപ നീക്കിവയ്‌ക്കുന്നു. കേരളത്തിലാദ്യമായി കർഷകർക്ക് ഗുണമേന്മയുള്ള ഞാറ്റടി തയ്യാറാക്കി വിതരണം ചെയ്യുന്ന ഏക ജില്ലാ പഞ്ചായത്ത് പാലക്കാടാണ്. ഇതിന് ആദ്യഘട്ടമായി 25 ലക്ഷം രൂപയാണ് ചെലവിടുന്നത്. നെല്ല് സംഭരണത്തിന് ഗോഡൗൺ, നെല്ലിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ സഹായം എന്നിവയും നൽകുന്നു. 152 കോടി രൂപയാണ് പ്രോത്സാഹന ബോണസ് എന്ന നിലയിൽ സംസ്ഥാന സർക്കാർ ജില്ലയിലെ നെൽകർഷകർക്ക് ഒരുവർഷം നൽകുന്നത്. ഇത് നിർത്തലാക്കണമെന്ന കേന്ദ്രസർക്കാർ പിടിവാശി കേരളത്തോടുള്ള പ്രതികാര നടപടിയാണെന്ന് കർഷകർ പറയുന്നു.











0 comments