വേനൽമഴയിൽ മാത്രം 37 ശതമാനത്തിന്റെ കുറവ്
മഴയിൽ താളംതെറ്റി ഒന്നാംവിള

മഴയില്ലാത്തതിനെ തുടന്ന് ഒന്നാംവിള കൃഷിക്കുള്ള പൊടിവിതയ്ക്ക് നനയ്ക്കാൻ കൊട്ടേക്കാട് പാടശേഖരത്തിൽ കർഷകൻ കുഴൽക്കിണറിലെ വെള്ളമുപയോഗിക്കാനെത്തിയപ്പോൾ.
സ്വന്തം ലേഖിക
Published on May 31, 2026, 12:00 AM | 1 min read
പാലക്കാട്
പെയ്യാതെ പെയ്ത വേനൽമഴയും വൈകുന്ന കാലവർഷവും ജില്ലയിൽ ഒന്നാംവിള നെൽകൃഷി താളം തെറ്റിക്കുന്നു. പരമ്പരാഗത കൃഷി രീതികളെയും കാർഷിക കലണ്ടറിനെയും ആശ്രയിക്കാനാകാതെ കൃഷിയിറക്കേണ്ട ഗതികേടിലാണ് കർഷകർ. തെക്കൻ ജില്ലകളിൽ കാലവർഷം എത്തിയെങ്കിലും പാലക്കാട് ജില്ലയിൽ ഇതുവരെ മഴ എത്തിനോക്കിയിട്ടില്ല. വേനൽമഴയിൽ മാത്രം 37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മെയ് ആദ്യവാരം ലഭിച്ച നേരിയ മഴയെ ആശ്രയിച്ച് പല കർഷകരും പാടങ്ങളിൽ പൊടിവിത തുടങ്ങിയിരുന്നു. എന്നാൽ, പിന്നീട് മഴ പാടേ നിലച്ചതോടെ വിത്തുകൾ മണ്ണിനടിയിൽക്കിടന്ന് നശിച്ചുപോകുമോ എന്ന ആശങ്കയിലാണ് കർഷകർ. വിത്ത് നശിച്ചാൽ വീണ്ടും നിലമൊരുക്കി രണ്ടാമതും വിതയ്ക്കേണ്ടി വരും. ഇത് വിത്തിന്റെ ചെലവ്, ഉഴവുകൂലി, തൊഴിലാളികളുടെ കൂലി എന്നിവ ഇരട്ടിയാക്കുമെന്നത് കർഷകരെ കനത്ത സാമ്പത്തിക ഭീതിയിലാക്കുന്നു. വേനൽക്കാലത്ത് 41 ഡിഗ്രിവരെ ഉയർന്ന കടുത്ത ചൂടിൽ വരണ്ടുണങ്ങിയ മണ്ണ് പാകപ്പെടുത്താൻ കർഷകർ നന്നേ ബുദ്ധിമുട്ടിയിരുന്നു. മലമ്പുഴ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികളിലെ കനാലുകളിൽ ജലനിരപ്പ് താഴ്‌ന്നതിനാൽ പാടശേഖരങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം എത്തുന്നില്ല. കനാൽ ജലസേചനം നിലച്ചതോടെ കർഷകർ വൻ തുക ചെലവഴിച്ച് കുഴൽക്കിണർ വെള്ളം ഉപയോഗിച്ചാണ് ഇപ്പോൾ ഞാറ്റടികൾ സംരക്ഷിക്കുന്നത്. കനാൽ വെള്ളം കൃത്യമായി ലഭിച്ചില്ലെങ്കിൽ ജില്ലയിൽ ഒരേസമയത്തുള്ള ഏകീകരിച്ച കൃഷിയിറക്കാനാകില്ല.
വളം വില വർധനയും പ്രതിസന്ധി
രണ്ടാംവിള നെല്ലിന്റെ സംഭരണവില വിതരണം വൈകുന്നതും രാസവളങ്ങളുടെ വിലവർധനയും കർഷകരെ ഇതിനകം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനുപുറമെയാണ് കാലാവസ്ഥയുടെ ചതി. കുറഞ്ഞ വെള്ളം മതിയെന്ന കണക്കുകൂട്ടലിൽ പലരും ബദലായി കൂർക്ക കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
വില്ലനായി കളയും കീടബാധയും
പാടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ നെൽച്ചെടിയേക്കാൾ വേഗത്തിലാണ് കള വളരുന്നത്. ഇത് മാറ്റാൻ കർഷകർക്ക് കനത്ത ചെലവാണ് വരുന്നത്. കൂടാതെ, മഴ ലഭിക്കാത്തതിനാൽ മണ്ണിലെ അമ്ലാംശം (അസിഡിറ്റി) കഴുകിപ്പോകാൻ സാഹചര്യമില്ലാത്തതും തിരിച്ചടിയാകുന്നു. വരണ്ട അന്തരീക്ഷംകാരണം ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണവും പാടങ്ങളിൽ വ്യാപകമായിട്ടുണ്ട്.











0 comments