ad
Deshabhimani

മഴയിൽ മൊഞ്ചായി മലമ്പുഴ

യാത്രക്കാരുടെ പറുദീസ

കവയിൽ മഴ ആസ്വദിക്കുന്ന സഞ്ചാരികൾ
വെബ് ഡെസ്ക്

Published on Jun 15, 2026, 02:00 AM | 1 min read

പാലക്കാട്‌

മഴക്കാലം മാനം നിറഞ്ഞപ്പോൾ വെള്ളിക്കൊലുസിട്ട്‌ അണിഞ്ഞൊരുങ്ങി തെക്കേ മലമ്പുഴ. മലനിരകളിൽനിന്ന്‌ അണക്കെട്ടിലേക്ക്‌ വീണ്ടും നീർച്ചാലുകൾ ഒഴുകിത്തുടങ്ങുമ്പോൾ മനംമയക്കുന്ന കാഴ്‌ച. കടുത്ത വേനലിൽ വരണ്ടുനിന്ന കൂർമ്പാച്ചി മലയുടെ താഴ്‌വാരം ദിവസങ്ങൾക്കുള്ളിൽ ഹരിതമനോഹരം. പശ്ചിമഘട്ട മലനിരകൾക്ക്‌ മുകളിൽനിന്ന്‌ നേർത്ത നൂലുപോലെ ഒഴുകിയെത്തുന്ന നീർച്ചാലുകൾ. കൂറ്റൻ പാറകളെയും ചെടികളെയും തഴുകി അടിവാരത്തെത്തുമ്പോൾ രൂപംമാറുന്ന ചെറുവെള്ളച്ചാട്ടങ്ങൾ. മഴയിൽ മനസ്സ്‌ നിറയ്‌ക്കുന്ന തെക്കേ മലമ്പുഴ ആസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. റോഡരികിൽ വാഹനമൊതുക്കി കുടുംബങ്ങൾ വെള്ളച്ചാട്ടങ്ങളിൽ കളിച്ച്‌ രസിക്കുന്നു. തണുപ്പ്‌ നിറഞ്ഞ കാലാവസ്ഥയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ചെറുഭക്ഷണശാലകളും ആവേശത്തിൽ. അണക്കെട്ടിൽനിന്ന്‌ പിടിക്കുന്ന മീനുകൾക്കൊണ്ട്‌ തയ്യാറാക്കുന്ന വിഭവങ്ങളും കൂട്ടിന്‌ കപ്പയും കട്ടനും. ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്‌ റീലുകളിൽ ഇതിനോടകം തെക്കേ മലമ്പുഴയിലെ നീർച്ചാൽ കാഴ്‌ചകൾ പ്രചരിച്ചിട്ടുണ്ട്‌. കവയിലേക്കും മഴയാത്രക്കാരുടെ തിരക്കേറെ. തടാകത്തിലെ വെള്ളത്തിൽ തലയുയർത്തി നിൽക്കുന്ന കരിമ്പനകളും ആകാശം തൊടുന്ന മലനിരയും പച്ചയുദിക്കുന്ന കാടും കവയിലെ കാഴ്‌ചകളെ മനോഹരമാക്കുന്നു. വെള്ളം കാര്യമായി കയറാത്തതിനാൽ പരന്നുകിടക്കുന്ന പുൽത്തകിടിയാണ്‌ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം. ഭാരതപ്പുഴയുടെ കൈവഴികളായ ഒന്നാംപുഴ, മയിലാടിപ്പുഴ, കല്ലൻപുഴ എന്നിവ സജീവമായതും കാഴ്‌ചകളെ സുന്ദരമാക്കുന്നു. റീലുകളും ചിത്രങ്ങളും എടുത്താണ്‌ മടക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home