ഇനി അവധിക്കാലം
ആര്‍ത്തുല്ലസിക്കാൻ മലമ്പുഴ

തെക്കേ മലമ്പുഴയിൽ അവധിദിനത്തിലെത്തിയ സഞ്ചാരികൾ

സ്വന്തം ലേഖകൻ
Published on Apr 06, 2026, 12:00 AM | 1 min read
പാലക്കാട്
അവധി ആഘോഷിക്കാൻ മലമ്പുഴയിൽ ആളുകളെത്തിത്തുടങ്ങി. ഏപ്രിലിലെ ആദ്യ ഞായറാഴ്‌ച സഞ്ചാരികളുടെ ഒഴുക്കായി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ ഞായറാഴ്‌ച അണക്കെട്ടിന് മുകളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിവരം അറിയാതെ നിരവധിയാളുകൾ മലമ്പുഴയിലെത്തി. അണക്കെട്ടിന് മുകളിലേക്ക് പ്രവേശനം ഇല്ലെങ്കിലും റോപ്‌വേയിൽ തിരക്കേറി. തെക്കേ മലമ്പുഴയിലും കവയിലും സമാന തിരക്കുണ്ടായി. സ്വകാര്യവാഹനങ്ങളിലും സ്കൂട്ടറിലും ആളുകളെത്തി. മറ്റ് ജില്ലകളിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള സഞ്ചാരികളാണ് ഏറെയും. ഉദ്യാന നവീകരണം ആരംഭിച്ചശേഷം അണക്കെട്ടിന് മുകളിലേക്കും റോപ്‌വേയിലേക്കും മാത്രമാണ് പ്രവേശനം. പാമ്പ് പുനരധിവാസ കേന്ദ്രത്തിലും റോക്ക് ഗാർഡനിലും ആർട്ട് ഗാലറിയിലും സഞ്ചാരികളെത്തുന്നുണ്ട്. നവീകരിച്ച ശുദ്ധജല അക്വേറിയമാണ് ശ്രദ്ധാകേന്ദ്രം. വേനലിൽ വെള്ളം താഴ്‌ന്ന തെക്കേ മലമ്പുഴയും കവയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. പുലരിയും അസ്‌തമയവും കാമറയിൽ പകർത്താൻ ഇൻഫ്ലുവൻസർമാരും എത്തുന്നു. ഉദ്യാന നവീകരണം പുരോഗമിക്കുന്നുണ്ട്. അഴുക്കുചാൽ, ശുചിമുറി എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ചുറ്റുമതിൽ നേരത്തേ നിർമിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അണക്കെട്ടിന് മുകളിലേക്ക് പ്രവേശനമുണ്ടാകില്ല. ശനി മുതൽ അണക്കെട്ട് സജീവമാകും. വിഷുവിനോടടുപ്പിച്ച് തിരക്ക് ഇനിയും വർധിക്കുമെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു.
വെള്ളത്തിലിറങ്ങരുത് അപകടമാണ്...
അണക്കെട്ടിൽ വെള്ളം ഇറങ്ങിയതോടെ വൃഷ്ടിപ്രദേശത്തേക്ക് സഞ്ചാരികൾ ഇറങ്ങുന്നത് പതിവാകുന്നു. വെള്ളമുള്ളയിടത്ത് കുട്ടികളടക്കം കുളിക്കാനിറങ്ങുന്നു. അപകടസാധ്യതയേറെയുള്ള കുത്തനെയുള്ള പാറക്കെട്ടുകളിലും കയറുന്നുണ്ട്. വെള്ളത്തിൽ ഇറങ്ങരുതെന്ന ബോർഡുകൾ വകവയ്‌ക്കാതെയാണ് അഭ്യാസം. കഴിഞ്ഞ മേയിൽ ഇതേയിടത്ത് സഹോദരങ്ങൾ മുങ്ങിമരിച്ചിരുന്നു.










0 comments