വരൾച്ച പ്രതിരോധം; മലമ്പുഴയിൽനിന്ന് വെള്ളം തുറന്നുവിട്ടു

പാലക്കാട്
പാലക്കാട്, തൃശൂർ ജില്ലകളിലെ കുടിവെള്ളക്ഷാമവും വരൾച്ചയും പ്രതിരോധിക്കുന്നതിന് മലമ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടു. സ്ലൂയിസ് വാൽവ് വഴി ഇടതുകര കനാലിലേക്കാണ് വെള്ളം തുറന്നുവിട്ടത്. സെക്കൻഡിൽ ഏഴ് ക്യുബിക് മീറ്ററാണ് വെള്ളമെത്തുന്നത്. മൂന്നുദിവസത്തേക്ക് വെള്ളം തുറന്നുവിടും. പിന്നീട് സ്ഥിതി വിലയിരുത്തിയശേഷം വെള്ളം വിടുന്നത് തുടരണോ എന്നകാര്യം തീരുമാനിക്കും. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ജല അതോറിറ്റിയുടെ ആവശ്യപ്രകാരം പാലക്കാട്, തൃശൂർ കലക്ടർമാരുടെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പ്രദേശത്തും മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര പഞ്ചായത്ത് പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. മലമ്പുഴ അണക്കെട്ടിൽ നിലവിൽ ആകെ സംഭരണശേഷിയുടെ 18 ശതമാനം മാത്രമാണ് വെള്ളമുള്ളത്.










0 comments