പടിയിറക്കം - അതിജീവനക്കരുത്തിൽ, പ്രകാശം പരത്തി

കൊഴിഞ്ഞാമ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡെപ്യുട്ടി നഴ്‌സിങ് സൂപ്രണ്ട് ബബിതപ്രിയ

നിഖിൽ രവീന്ദ്രൻ
Published on May 12, 2026, 12:00 AM | 1 min read
പാലക്കാട്
പടിയിറങ്ങുകയാണ്, അതിജീവനക്കരുത്തിൽ പ്രകാശം പരത്തിയ മാലാഖ. അർബുദത്തെ പൊരുതിത്തോൽപ്പിക്കുന്നതിനിടയിലും രോഗികളെ ചേർത്തുപിടിച്ച അവരുടെ സ്വന്തം...സിസ്‌റ്റർ. ജീവിതത്തിലും ജോലിയിലും മാതൃക പകർന്ന കൊഴിഞ്ഞാമ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ബബിത പ്രിയ ഇൗ മാസം സർവീസിൽനിന്ന് വിരമിക്കും. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ഒൗദ്യോഗിക ജീവിതമാണ് അവസാനിക്കുന്നത്. 2020ൽ പാലക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലേബർ റൂം ചുമതലയിലുള്ളപ്പോഴാണ് ബബിത പ്രിയയെ അർബുദം കീഴടക്കിയത്. സ്വയം നടത്തിയ പരിശോധനയിലാണ് ലക്ഷണം കണ്ടെത്തിയത്. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധന നടത്തി. ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊച്ചിയിലുമായിരുന്നു ചികിത്സ. ചികിത്സയ്‌ക്കിടെയും കർമനിരതയായിരുന്നു ബബിത. സഹപ്രവർത്തകരും ഡോക്‌ടർമാരും ഒപ്പംനിന്നതോടെ കഴിയുന്ന ദിവസങ്ങളില്ലൊം ജോലിക്കെത്തി. രാത്രി ഡ്യൂട്ടി ഒഴിവാക്കി സഹപ്രവർത്തകർ പിന്തുണ നൽകി. കുടുംബത്തിന്റെ മാനസിക പിന്തുണയും തുണയായി. കോവിഡ് കാലം ആയതിനാൽ ചികിത്സയ്‌ക്ക് നിരവധി പ്രശ്‌നം നേരിട്ടു. എന്നാൽ, അതിനെയെല്ലാം അനായാസം മറികടന്നു. ടൈപ്പ് റൈറ്റിങ് സെന്ററിൽനിന്ന് കണ്ട ഒരു പത്രപരസ്യമാണ് ബബിത പ്രിയയെ വെളുത്ത ഗൗൺ അണിയിച്ചത്. ഫീസ് നൽകിയതിന്റെ ബാക്കി വാങ്ങാൻ നിൽക്കുന്പോൾ കണ്ട പരസ്യം ജീവിതം മാറ്റിമാറിച്ചു. താൽപ്പര്യം വീട്ടിൽ സമ്മതിച്ചതോടെ 1989ൽ പാലക്കാട് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ വിദ്യാർഥിനിയായി. 1993ൽ വടകര ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങിയത്.1999ൽ പിഎസ്‌സി നിയമനം. ആദ്യ നിയമനം പാലക്കാട് ഇഎസ്‌ഐ ആശുപത്രിയിൽ. ഒരുവർഷത്തിനുശേഷം ജില്ലാ ആശുപത്രിയിലേക്ക്. പിന്നീട് ലെക്കിടി, പറളി പിഎച്ച്‌എസികളിലും ജോലി ചെയ്‌തു. കണ്ണൂർ ജില്ലാ ആശുപത്രിയിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും പ്രവർത്തിച്ചു. കരിയറിലെ പകുതിയിലധികം പാലക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു. ആശുപത്രിയുടെ തുടക്കം മുതൽ ബബിതയുണ്ട്. അർബുദം മാറിയശേഷം പ്രമോഷനോടെ പേരൂർക്കടയിലേക്ക്. ഒരുവർഷത്തിലധികമായി കൊഴിഞ്ഞാമ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട്. കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) മുൻ ജില്ലാ കമ്മിറ്റി അംഗമാണ്. കർഷകനും പ്രവാസിയുമായ കുന്നത്ത് രാധാകൃഷ്‌ണനാണ് ഭർത്താവ്. മകൻ ഹരികൃഷ്‌ണ സ്‌കോട്ട്‌ലൻഡിൽ ഉപരിപഠനം നടത്തുന്നു.











0 comments