Deshabhimani

ചെറുനാരങ്ങയ്ക്ക് 210രൂപ മുതലാണ്‌ നിലവിലെ വില

വിലക്കയറ്റത്തിന്റെ ‘പുളിപ്പ്‌’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2026, 12:44 AM | 1 min read

പാലക്കാട്

ഉപ്പും മധുരവും ഇല്ലാതെ എരിഞ്ഞുകയറി ചെറുനാരങ്ങ വില. കഴിഞ്ഞ മാസംവരെ 120 രൂപയായിരുന്ന നാരങ്ങയ്ക്ക് ഇന്ന്‌ 210 രൂപ മുതലാണ്‌ വില. ഒരു മാസത്തിനിടെ കിലോ ഗ്രാമിന്‌ 90 രൂപക്ക്‌ മുകളിൽ വർധന. തമിഴ്‌നാട്ടിൽനിന്നാണ്‌ കേരളത്തിലേക്ക്‌ ചെറുനാരങ്ങ കൂടുതൽ എത്തുന്നത്‌. ഇറക്കുമതിയിലെ കുറവും തമിഴ്‌നാട്‌ വിപണിയിലെ വിലക്കയറ്റവുമാണ്‌ സംസ്ഥാനത്തെ വിപണിയെയും ബാധിച്ചത്‌. തമിഴ്‌നാട്ടിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും പ്രതികൂല കാലാവസ്ഥയും ചെറുനാരങ്ങ കൃഷിയെ സാരമായി ബാധിച്ചു. പലയിടത്തും ഉൽപ്പാദനം കുത്തനെ കുറഞ്ഞു. ഇതിനുപുറമെ ഇന്ധന വില വർധനയും കച്ചവടക്കാർക്ക്‌ തലവേദനയായി. വിലവർധന ബേക്കറികൾ, ഹോട്ടലുകൾ, ജ്യൂസ് കടകൾ, വഴിയോരകച്ചവടക്കാർ എന്നിവരെയും ബാധിച്ചിട്ടുണ്ട്. നാരങ്ങാവെള്ളം, നാരങ്ങാ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ തയ്യാറാക്കാൻ ദിവസേന വലിയ അളവിൽ നാരങ്ങ ആവശ്യമാണ്. പാനീയങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയിലാണ് കടയുടമകൾ. ചൂട്‌ വീണ്ടും കൂടിയതോടെ നാരങ്ങാവെള്ളത്തിനും നാരങ്ങാജ്യൂസിനും ആവശ്യക്കാർ കൂടുതലാണ്‌. വിലവർധന ഏർപ്പെടുത്തിയാൽ കച്ചവടത്തെ ബാധിക്കുമെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌. ഹോട്ടലുകളിൽ വിഭവങ്ങൾക്കൊപ്പം വിളമ്പുന്ന നാരങ്ങ കഷ്ണങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്‌. അച്ചാറ്‌ കമ്പനികളുടെ കാര്യം അതിലേറെ പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽനിന്നുള്ള നാരങ്ങയുടെ വരവ് സാധാരണ നിലയിലായാൽ വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കഴിഞ്ഞ ഏപ്രിലിലും നാരങ്ങ വില ഇതേ രീതിയിൽ ഉയർന്നിരുന്നു. പിന്നീട്‌ ആവശ്യത്തിന്‌ മഴ ലഭിക്കാൻ തുടങ്ങിയതോടെ 80 മുതൽ 90 രൂപവരെ താഴ്‌ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home