വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥ
ശമ്പളം മുടങ്ങുമെന്നുവരെ പ്രതിപക്ഷം നുണ പ്രചരിപ്പിച്ചു: എം വി ഗോവിന്ദൻ

നമ്മളുയർന്ന, വളർന്ന വഴികളിൽ നെഞ്ചിടിപ്പായുണ്ട് ഇൗ സർക്കാർ. ഏത് പ്രതിസന്ധിയിലും ചേർത്തുനിർത്തിയ സർക്കാരിനൊപ്പം അണിചേരുകയാണ് നാട്. ഈ ഭരണം തുടരുമെന്ന് ഉറപ്പ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് എൽഡിഎഫ് സജ്ജമെന്ന് തെളിയിച്ച് വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് ഉജ്വല സമാപനം
പാലക്കാട്
കഴിഞ്ഞ പത്തുവർഷവും കേരളത്തിലെ സാന്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശന്പളം മുടങ്ങുമെന്ന് നിരന്തരം പറഞ്ഞു. ഇതുവരെ ശന്പളം മുടങ്ങിയില്ല. ട്രഷറി പൂട്ടുമെന്നും പ്രചരിപ്പിച്ചു, പൂട്ടിയില്ല. വികസനം മുടങ്ങുമെന്നാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ, പത്തുവർഷത്തിനിടെ 1,10,000 കോടിരൂപ കിഫ്‌ബിയിലൂടെ കണ്ടെത്തി പശ്‌ചാത്തല സൗകര്യവികസനം സാധ്യമാക്കി. റിസർവ് ബാങ്ക്, നിതി ആയോഗ്, സിഎജി എന്നിവ കേരളത്തിന്റെ സാന്പത്തികസ്ഥിതി അംഗീകരിച്ചിട്ടുണ്ട്. കടം ഇരട്ടിയാകുന്ന പ്രവണതയിൽനിന്ന് കേരളം മാറി. പത്തുവർഷത്തിനിടയിൽ കടം കുറഞ്ഞു. സംസ്ഥാനം കടക്കെണിയിലല്ല. ഇന്ത്യയിൽ 17 –ാം സ്ഥാനത്താണ് കേരളത്തിന്റെ നില. പ്രതിസന്ധിക്കുകാരണം കേന്ദ്രത്തിന്റെ സാന്പത്തിക ഉപരോധമാണെന്ന് പ്രതിപക്ഷം പറയുന്നില്ല. വികസനം തടയുമെന്ന് പറഞ്ഞ ലോകത്തിലെ ഏക പ്രതിപക്ഷം കേരളത്തിലേതാണ്. വികസനകാര്യത്തിൽ ഇടതുപക്ഷം യുഡിഎഫുമായി ചേരണമെന്നുപറഞ്ഞ കോൺഗ്രസ് നേതാവാണ് മണിശങ്കർ അയ്യർ. കാര്യങ്ങൾ പഠിച്ച് ശ്രദ്ധേയമായി അവതരിപ്പിക്കുന്നയാളാണ് അദ്ദേഹം. ഗാന്ധി സ്വപ്‌നം കണ്ട ഗ്രാമസ്വരാജ് സാധ്യമാക്കുന്നത് ഇടതുപക്ഷമാണെന്നും ഇടതുഭരണം കേരളത്തിൽ തുടരണമെന്നും വിഷൻ 2031 സെമിനാറിൽ അദ്ദേഹം ആവശ്യപ്പെട്ടു. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് സാന്പത്തിക വിദഗ്‌ധൻ അമർത്യസെന്നും അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുക്കരുതെന്നുകാണിച്ച് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസുകാർ കത്തെഴുതി. മണിശങ്കർ അയ്യരുടെ നിലപാടിനെ തള്ളി കേരളത്തിലെ കോൺഗ്രസുകാർ പതിവുപോലെ നുണ ആവർത്തിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലിൻ ഷെറിന് ഒൗദ്യോഗിക ബഹുമതി; സർക്കാരിന് അഭിനന്ദനം
പാലക്കാട്
അവയവദാനത്തിലൂടെ നാലുപേർക്ക് ജീവൻ പകർന്ന് വിടവാങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ സംസ്‌കാരച്ചടങ്ങിന് ഒൗദ്യോഗിക ബഹുമതി നൽകിയ സംസ്ഥാന സർക്കാരിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിനന്ദിച്ചു. കേരളത്തെ ആകെ കണ്ണീരിലാഴ്‌ത്തിയ സംഭവമാണ് പിഞ്ചുകുഞ്ഞിന്റെ മരണം. മറ്റുള്ളവർക്ക് ജീവൻ പകരാൻ സാധ്യമായ അവയവങ്ങളെല്ലാം ദാനം ചെയ്യാൻ വീട്ടുകാർ സന്നദ്ധരായത് മാതൃകാപരമാണ്. ഇന്ത്യയിൽതന്നെ അപൂർവമായിരിക്കും ഇത്രയും ചെറിയ കുട്ടിക്ക് ഒൗദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങ് ഒരുക്കിയത്– അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുറത്താക്കിയവരെ പിടിച്ച് രക്ഷപ്പെടാമെന്ന് കരുതണ്ട
നെന്മാറ
സിപിഐ എം പുറത്താക്കിയവരെപ്പിടിച്ച് സ്ഥാനാർഥിയാക്കിയാൽ രക്ഷപ്പെടാമെന്നാണ് യുഡിഎഫ് കരുതുന്നതെന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ നെന്മാറയിൽ പറഞ്ഞു. അങ്ങനെ ഒരു മണ്ഡലത്തിലും രക്ഷപ്പെടാൻ പോകുന്നില്ല. സിപിഐ എം പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ. അവരെ ഉപയോഗിച്ച് ഇടതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാം എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments