നെല്ല് സംഭരണത്തിലെ കേന്ദ്രകുടിശ്ശിക
ചോദിക്കാൻ വേണുഗോപാലിന് നട്ടെല്ലില്ല: എം വി ഗോവിന്ദൻ

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ പാലക്കാട് കോട്ടമൈതാനത്തെ സ്വീകരണത്തിൽ സംസാരിക്കുന്നു
പാലക്കാട്
നെല്ല് സംഭരിച്ച വകയിൽ സംസ്ഥാനത്തിന് കിട്ടേണ്ട 1344 രൂപ കുടിശ്ശിക കേന്ദ്രത്തോട് ചോദിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് നട്ടെല്ലില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം തരാനുള്ള തുക കിട്ടിയാൽ നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാകും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിക്കുന്നതിനുപകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് വേണുഗോപാൽ. നെല്ലുൽപ്പാദനത്തിൽ സംസ്ഥാന സർക്കാർ നൽകിയ പ്രോത്സാഹനബോണസ് നൽകേണ്ടെന്ന വിചിത്ര നിലപാടാണ് കേന്ദ്രത്തിന്റേത്. ഇന്ത്യ–യുഎസ് കരാറിന്റെ പശ്ചാത്തലത്തിലാണിത്. നമ്മൾ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകൾക്ക് 18ശതമാനം നികുതി നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ നികുതി പൂജ്യം ശതമാനമാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ. 125 ദിവസം തൊഴിൽ കൊടുക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പട്ടികവർഗ വിഭാഗത്തിന് 200 ദിവസം തൊഴിൽ കൊടുത്ത സംസ്ഥാനമാണ് കേരളം. എൽഡിഎഫ് ജാഥയ്‌ക്കുപുറകെ ഒരു നുണ ജാഥ വരുന്നുണ്ട്. ജാഥയുടെ ഒന്നാമത്തെ ദിവസംമുതൽ നുണയാണ് വി ഡി സതീശൻ പറയുന്നത്. ജാഥ വയനാട്ടിലൂടെ കടന്നുവന്ന ദിവസം രണ്ട് മിനിറ്റുകൊണ്ട് ഒമ്പത് നുണയാണ് പറഞ്ഞത്. 2016ന് മുമ്പുള്ള കേരളമാണോ യുഡിഎഫ് വീണ്ടെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉൽപ്പാദന വർധന ബാധ്യതയെന്നത് കർഷകരോടുള്ള വെല്ലുവിളി
നെല്ലുൽപ്പാദനം വർധിക്കുന്നത് നാടിന് ബാധ്യതയാണെന്ന കേന്ദ്രസർക്കാരിന്റെ കണ്ടെത്തൽ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ലുൽപ്പാദനം വർധിപ്പിക്കാൻ താങ്ങുവിലയ്‌ക്കുപുറമെ 6.31 രൂപ അധികം നൽകി കർഷകരെ സഹായിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത്തരത്തിലുള്ള സഹായം പൊതുഖജനാവിന് ബാധ്യതയാണെന്നും നിർത്തണമെന്നുമാണ് കേന്ദ്രനിർദേശം. ഇൗ നിലപാട് വിചിത്രമാണ്. അമേരിക്കയുമായി വ്യാപാരക്കരാർ ഒപ്പിട്ടുവെന്ന് കേന്ദ്രംതന്നെ സമ്മതിച്ചിരിക്കുന്നു. നികുതിയില്ലാതെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ ഒഴുകിയെത്തും. ഇത് കാർഷികമേഖലയെ വലിയ പ്രതിസന്ധിയിലാക്കും. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരണമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുന്നുണ്ട്. സംഭരണം കൃത്യമായി നടക്കണം. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രം കേരളത്തിന് നൽകാനുള്ള തുകയെപ്പറ്റി വലിയ കർഷകപ്രേമം നടിക്കുന്ന കോൺഗ്രസ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളെ പ്രജകളായി കണക്കാക്കുന്നു
ഒറ്റപ്പാലം
ഇന്ത്യൻ യൂണിയൻ സർക്കാർ സംസ്ഥാനങ്ങളെ പ്രജകളായാണ് കണക്കാക്കുന്നതെന്ന് ജാഥാംഗം എൻസിപി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം അഡ്വ. പി എം സുരേഷ്‌ബാബു പറഞ്ഞു. സംസ്ഥാനങ്ങളുടെ പൊതുവേദി എന്ന നിലയിലാണ് കേന്ദ്രസർക്കാരിനെ ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്നത്. കാലങ്ങളായി ഭരിച്ചവർ അതിനെ കേന്ദ്ര സർക്കാർ എന്ന് സ്വയം നാമകരണം ചെയ്‌തു. ഒരു കേന്ദ്രീകൃത ശക്തി ആ ഭരണസംവിധാനത്തിനില്ല. ഫെഡറൽ വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാഷ്‌ട്രീയമായി വിയോജിപ്പുള്ള സംസ്ഥാനങ്ങളെ അധികാരത്തിന്റ മുഷ്‌ടി പ്രയോഗിച്ച് ശ്വാസംമുട്ടിച്ചുകൊല്ലുകയാണ്. ഒരു ഭരണസംവിധാനം മതി, ഒരു രാജാവ് മതി, ഒരു രാജ്യം, ഒരു സർക്കാർ എന്നീ മുദ്രാവാക്യമുയർത്തുന്നത് എന്തിനാണെന്ന് ആ രാഷ്‌ട്രീയ പ്രസ്ഥാനത്തെ നയിക്കുന്ന വിചാരധാര വായിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റേത് വാചകക്കസർത്ത്
കോങ്ങാട്
യുഡിഎഫിന് എക്കാലവും വാചകക്കസർത്ത് മാത്രമാണുള്ളതെന്ന് ജാഥാംഗം കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം മാത്യു കുന്നപ്പള്ളി പറഞ്ഞു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ വികസന മുരടിപ്പ് അതിന് ഉദാഹരണമാണ്. കേരളത്തിലും സമാന ഉദാഹരങ്ങൾ ഏറെയാണ്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം വന്നപ്പോൾ അത് നിഷ്കരുണം തള്ളിക്കളഞ്ഞവരാണ് 2016നുമുമ്പ് ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം കൊടുക്കുന്ന ഇന്നത്തെ സംസ്ഥാന സർക്കാർ വികസനത്തിനാണ് മുൻതൂക്കം നൽകുന്നത്. എൽഡിഎഫ് സർക്കാർ വന്നപ്പോൾ ദേശീയപാത ഉൾപ്പെടെ സ്വപ്നപദ്ധതികളെല്ലാം കൃത്യതയോടെ പൂർത്തിയാക്കി. എല്ലാ മേഖലയിലും വികസനമെത്തിക്കാൻ സർക്കാരിനായി. കയറ്റുമതിയിൽ വൻ കുതിപ്പുണ്ടായി. കരുത്തുറ്റ ഭാവിക്ക് വിഴിഞ്ഞംപോലുള്ള പദ്ധതികളും തുടങ്ങി.
എൽഡിഎഫ് സർക്കാർ തുടരും
പാലക്കാട്
കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നതിന്റെ തെളിവാണ് ജാഥാ സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തമെന്ന് ജാഥാംഗം കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാ-ഥ് പറഞ്ഞു. എൽഡിഎഫ് വൻവിജയം നേടിയപ്പോഴും യുഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങളിലടക്കം വലിയ സ്വീകരണമാണ് ജാഥയ്‌ക്ക് ലഭിക്കുന്നത്. 2021ൽ എൽഡിഎഫ് പരാജയപ്പെടുമെന്നാണ് യുഡിഎഫുകാർ സ്വപ്‌നം കണ്ടത്. എന്നാൽ ദുരിതകാലത്ത് ജനങ്ങളെ ചേർത്തുനിർത്തിയ എൽഡിഎഫ് സർക്കാരിനെ അവർ വീണ്ടും നെഞ്ചേറ്റി. 2026ലും സ്ഥിതി മറിച്ചായിരിക്കില്ല. എൽഡിഎഫ് സർക്കാരിനെ വീണ്ടും ജനങ്ങൾ ഹൃദയത്തിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.










0 comments