1963ൽ ആരംഭിച്ച ആശുപത്രി വികസനനിറവിലായത് എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലിലാണ്
കുഴൽമന്ദത്തിന്റെ സ്വന്തം ആതുരാലയം

കുഴൽമന്ദം
ദിവസവും 700ലേറെ രോഗികൾ, 34 പേർക്ക് കിടത്തിച്ചികിത്സ, 12 ഡോക്‌ടർമാർ, നഴ്‌സുമാരടക്കം 36 സ്‌റ്റാഫുകൾ... 62 വർഷമായി കുഴൽമന്ദത്തുകാരുടെ ആശ്രയകേന്ദ്രമാണ് കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്റർ. 1963ൽ ആരംഭിച്ച ഈ ആശുപത്രി വികസനനിറവിലായത് എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലിലാണ്. സംസ്ഥാനത്ത് ആദ്യമായി അതിജീവനം പദ്ധതി നടപ്പാക്കിയത് കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കീഴിലാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞവരിൽ ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നീ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ആശുപത്രികളിൽ എത്തിക്കുന്ന പദ്ധതിയാണ് അതിജീവനം. ഇതിനായി ഏഴ് പഞ്ചായത്തുകളിലും ആരോഗ്യപ്രവർത്തകരെ നിയമിച്ചിട്ടുണ്ട്. കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കുഴൽമന്ദം, കുത്തനൂർ, പെരിങ്ങോട്ടുകുറുശി, കോട്ടായി, മാത്തൂർ, തേങ്കുറുശി, കണ്ണാടി പഞ്ചായത്തുകളിലെ ജനങ്ങളെ കിടത്തിച്ചികിത്സിക്കാനുള്ള ഏക കേന്ദ്രമാണിത്. ആസ്മ രോഗികൾക്കായി സ്വാസ് ക്ലിനിക്കും ടിബി ഡിറ്റക്ഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കാവശ്യമായ മരുന്നുകളും ലഭ്യമാണ്. കുട്ടികളുടെ വാർഡും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയുടെയും ക്വാർട്ടേഴ്സിന്റെയും നവീകരണം ബ്ലോക്ക് പഞ്ചായത്ത് 21 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.










0 comments