ad
Deshabhimani

അട്ടപ്പാടിയിൽ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞു

കൽക്കണ്ടി ഉന്നതിക്കുസമീപത്തെ കൃഷിയിടത്തിൽ ചരിഞ്ഞ കാട്ടാന

കൽക്കണ്ടി ഉന്നതിക്കുസമീപത്തെ കൃഷിയിടത്തിൽ ചരിഞ്ഞ കാട്ടാന

വെബ് ഡെസ്ക്

Published on May 10, 2026, 12:34 AM | 1 min read

അഗളി

അട്ടപ്പാടിയില്‍ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. അഗളി പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്ത് കല്‍ക്കണ്ടി ഊരുമൂപ്പന്‍ മാക്കുലന്റെ കൃഷിയിടത്തിലാണ് 10-നും 15-നും ഇടയില്‍ പ്രായം തോന്നിക്കുന്ന മോഴയാനയുടെ ജഡം കണ്ടെത്തിയത്. ശനി പുലർച്ചെയായിരുന്നു സംഭവം. കൃഷിയിടത്തിൽ പന്നികളെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുത കെണിയില്‍നിന്ന്‌ ഷോക്കേറ്റതാണെന്നാണ് നിഗമനം. വനമേഖലയില്‍ നിന്നും കുറച്ചുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമെങ്കിലും വന്യജീവികളുടെ ശല്യം രൂക്ഷമാണ്. ആനയുടെ ജഡം കിടക്കുന്ന കൃഷിയിടത്തിന് ചുറ്റും സാധാരണ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് കൃഷിയിടത്തിനുള്ളില്‍ കയറുന്ന കാട്ടുപന്നികളെ തടയുന്നതിനായി നേരിട്ട് വൈദ്യുതിപ്രവഹിപ്പിക്കുന്ന കെണിയുമുണ്ട്. ഇതിന് സമീപത്തായാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഈ കെണിയില്‍ നിന്ന് ഷോക്കേറ്റാവാം ആന ചരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് സ്ഥലം സന്ദര്‍ശിച്ച മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഞായറാഴ്ച ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കും. അട്ടപ്പാടി റേഞ്ച്‌ ഓഫീസര്‍ എന്‍ സഫീറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. സ്ഥലമുടമ ഒളിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home