മധ്യസ്ഥം പറയാനെത്തി, പ്രസിഡന്റായി

മധ്യസ്ഥം പറയാനെത്തി, പ്രസിഡന്റായി
പ്രത്യേക ലേഖകൻ
പാലക്കാട് കേരളത്തിലെ ആദ്യ ഇ എം എസ് സർക്കാരിന്റെ ഭൂപരിഷ്‌കരണ നിയമം നടപ്പായതോടെ ചെറുകിട, ഇടത്തരം കർഷകരാകെ കമ്മ്യൂണിസ്‌റ്റ് പാർടിയുടെ അനുഭാവികളായി മാറുന്ന കാലം. 1964ലെ തദ്ദേശ തെരഞ്ഞെടുപ്പ് എത്തി. അന്ന് പാലക്കാട് ജില്ലയിലായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയിലെ കോഡൂർ, പുഴക്കാട്ടിരി പഞ്ചായത്തുകൾ. കോഡൂരിലെ ചെമ്മങ്കടവിൽനിന്ന് പാലോളി മുഹമ്മദ്‌കുട്ടിയും കുടുംബവും പുഴക്കാട്ടിരി പഞ്ചായത്തിലേക്ക് താമസംമാറിയിട്ട് അധികകാലമായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരുവാർഡിൽ സ്ഥാനാർഥി നിർണയത്തെചൊല്ലി തർക്കം രൂക്ഷമായി. അന്ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പാലോളി മുഹമ്മദ്‌കുട്ടി തർക്കംപരിഹരിക്കാൻ മധ്യസ്ഥ ചർച്ചയ്‌ക്കെത്തി. പാർടി അനുഭാവിയായ ഒരാളെ സ്ഥാനാർഥിയാക്കാൻ വാർഡ് കമ്മിറ്റി തീരുമാനിച്ചു. അപ്പോഴാണ് പാർടി അനുഭാവിയുടെ മരുമകൻ ലീഗിന്റെ സ്ഥാനാർഥിയാകുന്നതായി അറിയുന്നത്. ഇതോടെ പാർടി അനുഭാവിയും കൂട്ടരും ലീഗിനെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചു. അങ്ങനെ തർക്കം രൂക്ഷമായി. മധ്യസ്ഥത പറയാൻ പാലോളിയുടെ വീട്ടിലായിരുന്നു ചർച്ച. പുലരുംവരെ ചർച്ചയായിരുന്നു. ഇതിനിടയിൽ ഉമ്മറത്തെ ബെഞ്ചിൽ പാലോളി കിടന്നുറങ്ങി. ഉറങ്ങിയെണീറ്റപ്പോൾ പാലോളി സ്ഥാനാർഥി. ലീഗിനെ അനുകൂലിച്ചവർ ഒന്നടങ്കം പാലോളി സ്ഥാനാർഥിയായാൽ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ മധ്യസ്ഥതയ്‌ക്ക് എത്തിയയാൾ സ്ഥാനാർഥിയായി. ജയിച്ച് ആദ്യമായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റാകുകയുമായിരുന്നു. പിന്നീട് നിരവധിതവണ എംഎൽഎയും മന്ത്രിയുമായ പാലോളി മുഹമ്മദ്‌കുട്ടിയുടെ പാർലമെന്ററി ജീവിതത്തിന്റെ തുടക്കം അതായിരുന്നു. 1965-ല്‍ മങ്കടയില്‍നിന്നും 1967-ല്‍ പെരിന്തല്‍മണ്ണയില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ലും 2006ലും പൊന്നാനിയില്‍നിന്നും. 1996ൽ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയും 2006ൽ വി എസ് സർക്കാരിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കരിമ്പുഴ കുലുക്കിലിയാട്ടെ മകളുടെ വീട്ടിലെ വിശ്രമ ജീവിതത്തിനിടയിലും പാർടി വേദികളിൽ സജീവമാണ് അദ്ദേഹം.









0 comments