ഹോങ്കോങ്ങ് തീപിടിത്തം: മരണസംഖ്യ 70 കവിഞ്ഞു, എൺപതോളം പേർക്ക് പരിക്ക്

ഹോങ്കോങ്ങ് : ഹോങ്കോങ്ങിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് എൺപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും പുക ശ്വസിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളുമായാണ് പലരും ആശുപത്രിയിൽ പ്രവേശിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
വാങ് ഫുക് കോർട്ട് എന്ന ഉയർന്ന കെട്ടിട സമുച്ചയത്തിലാണ് ബുധനാഴ്ച തീ പടർന്നുപിടിച്ചത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ന്യൂ ടെറിട്ടറീസിലെ തായ് പോയിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏഴ് നിലകളുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഏകദേശം 2,000 ഫ്ലാറ്റുകളുള്ള എട്ട് ടവറുകളാണ് കോംപ്ലക്‌സിലുള്ളത്.
അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച മുളകൊണ്ടുള്ള സ്കാഫോൾഡിംഗിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് സൂചന. തുടർന്ന് തീജ്വാലകൾ പല അപ്പാർട്ട്‌മെൻ്റ് ബ്ലോക്കുകൾക്ക് ചുറ്റുമുള്ള സ്കാഫോൾഡിംഗുകളിലേക്കും നിർമാണ വലകളിലേക്കും പടർന്നു. ശക്തമായ കാറ്റും നിർമ്മാണ അവശിഷ്ടങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി. പല താമസക്കാരും പ്രായമായവരായതിനാൽ വേഗത്തിൽ രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അറ്റകുറ്റപ്പണികൾ കാരണം ജനലുകൾ അടച്ചിട്ടിരുന്നതിനാൽ തീപിടുത്തം ഉണ്ടായത് അയൽക്കാർ വിളിച്ചറിയിച്ചപ്പോഴാണ് പലരും അറിഞ്ഞതെന്നും താമസക്കാർ വ്യക്തമാക്കി.









0 comments