ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റ്
പൊന്നില്‍ തെളിഞ്ഞ് മലപ്പുറം

ദേശീയ സീനിയര്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിനായി സ്വര്‍ണം നേടിയ മലപ്പുറത്തെ താരങ്ങളും പരിശീലകരും
സ്വന്തം ലേഖകന്‍
മലപ്പുറം
ഹരിയാനയിലെ ഭിവാനിയില്‍ നടക്കുന്ന ദേശീയ സീനിയര്‍ (അണ്ടര്‍ 19) സ്കൂള്‍ അത്‌ലറ്റിക്സ് മീറ്റില്‍ കേരളത്തിന്റെ പോരാട്ടം നയിച്ച് മലപ്പുറം. ജില്ലയുടെ അഭിമാനതാരങ്ങള്‍ വ്യാഴാഴ്ച സംസ്ഥാനത്തിനായി മൂന്ന് സ്വര്‍ണം സ്വന്തമാക്കി. മീറ്റിന്റെ രണ്ടാംദിനം നാല് സ്വര്‍ണം ഉള്‍പ്പെടെ 10 മെഡലാണ് കേരളം നേടിയത്. ആലത്തിയൂര്‍ കെഎച്ച്എം എച്ച്എസ്എസിന്റെ കെ പി മുഹമ്മദ് അസില്‍ ലോങ് ജംപിലും തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസിന്റെ സി കെ ഫസലുല്‍ ഹഖ് 110 മീറ്റര്‍ ഹര്‍ഡില്‍സിലും ആദിത്യ അജി 100 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് പൊന്നണിഞ്ഞത്. 7.17 മീറ്റര്‍ ദൂരം ചാടിയാണ് മുഹമ്മദ് അസില്‍ ദേശീയതലത്തിലെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ദേശീയ മീറ്റില്‍ സ്കൂളിന്റെയും ആദ്യ സ്വര്‍ണമാണ്. റിയാസ് ആലത്തിയൂരാണ് പരിശീലകന്‍. ഷാജിര്‍ ആലത്തിയൂര്‍ കായികാധ്യാപകനാണ്. വളാഞ്ചേരിയിലെ കുറ്റിപ്പുലാന്‍ അലവിയുടെയും നൂര്‍ജഹാന്റെയും മകനാണ്. പുതുവേഗം കണ്ടെത്തിയാണ് ഫസലുല്‍ ഹഖും ആദിത്യയും വേഗവര തൊട്ടത്. സംസ്ഥാന മീറ്റില്‍ 13.78 സെക്കന്‍ഡില്‍ റെക്കോഡോടെ പൊന്നണിഞ്ഞ ഫസലു ദേശീയ മീറ്റില്‍ 13.66 സെക്കന്‍ഡിലാണ് ഫിനിഷ്ചെയ്തത്. 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടി സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യനായിരുന്നു. 2023ലെ ഗുജറാത്ത് മീറ്റില്‍ വെള്ളിയുണ്ട്. താനൂര്‍ എളരാന്‍ കടപ്പുറം ചേപ്പാടന്‍ കടവത്ത് മത്സ്യത്തൊഴിലാളിയായ സിദ്ദിഖിന്റെയും കുഞ്ഞുമോളുടെയും മകനാണ്. 13.93 സെക്കന്‍ഡില്‍ വേഗവര തൊട്ടാണ് ആദിത്യ പൊന്നുചൂടിയത്. സംസ്ഥാന മീറ്റില്‍ 14.06 സെക്കന്‍ഡെടുത്തിരുന്നു. 100 മീറ്റര്‍, 200 മീറ്റര്‍ എന്നിവയിലും സംസ്ഥാനത്ത് സ്വര്‍ണമുണ്ട്. ഒക്ടോബറില്‍ ഒഡിഷയില്‍ നടന്ന ജൂനിയര്‍ മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയുണ്ട്. കോട്ടയം എരുമേലി സ്വദേശി കെ ആര്‍ അജിമോന്റെയും സൗമ്യയുടെയും മകളാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 100 മീറ്റര്‍ മത്സരം ഇവര്‍ ഉപേക്ഷിച്ചു. കെ ഗിരീഷ്, മുഹമ്മദ് ഹര്‍ഷദ് എന്നിവരാണ് ഇരുവരുടെയും പരിശീലകര്‍.








0 comments