സദാചാര ഗുണ്ടായിസം
ബിജെപി പ്രവർത്തകർ കോളേജ് വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട്
കോളേജ് വിദ്യാർഥികൾക്ക് നേരെ മദ്യപിച്ചെത്തിയ ബിജെപി പ്രവർത്തകരുടെ സദാചാര ഗുണ്ടാ ആക്രമണം. ഒരു വിദ്യാർഥിക്ക് കുത്തേറ്റു. പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി കൗഷിക് (18) നാണ് കുത്തേറ്റത്. സംഭവത്തിൽ പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ കിരൺ (28), ഇയാളുടെ കൂട്ടാളികൾ എന്നിവർക്കായി ടൗൺ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്നവർ എന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനി വൈകിട്ട് അഞ്ചോടെയാണ് സംഭവം. സായാഹ്ന സവാരിക്കായി പോയ കോളേജ് വിദ്യാർഥികൾ കടുക്കാംകുന്നം മുക്കൈ ശിവ ക്ഷേത്രത്തിന് സമീപത്ത് പുഴപ്പാലത്തിനോട് ചേർന്നുള്ള സ്ഥലത്ത് സംസാരിച്ചുനിൽക്കവേ മദ്യപിച്ചെത്തിയ ബിജെപി പ്രവർത്തകൻ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. വിദ്യാർഥികൾ അവരുടെ ബൈക്കുകളിൽ തിരികെ കോളേജ് ഭാഗത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന കിരൺ പെൺകുട്ടികളുടെ വീഡിയോ പകർത്താൻ ശ്രമിച്ചതോടെ ഇവർ പ്രതികരിച്ചു. വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിച്ച കൗഷിക്കിനെ ഇയാൾ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി. തുടർന്ന് ഇയാൾ മറ്റ് രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി വിദ്യാർഥികളുടെ വാഹനം തല്ലിത്തകർത്തു. വയറിൽ ആഴത്തിലുള്ള മുറിവേറ്റ കൗഷിക്കിനെ വിദ്യാർഥികൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. വിദ്യാർഥികളുടെ വാഹനത്തിനരികെ നിന്ന കിരണിന്റെ ബന്ധുക്കളും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നവരുമായ രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രദേശത്ത് ആക്രമണം നടത്തുകയാണ് ബിജെപി. ലഹരി ഉപയോഗ ശേഷം ബിജെപി പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്.










0 comments