ഫർണിച്ചർ കടയിലെ മോഷണം
തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

ഷൊർണൂർ
കുളപ്പുള്ളി ചുവന്നഗേറ്റിലെ കടയിൽ മോഷണം നടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ജൂവൈൽപേട്ട പാർസം പേട്ടൈ ബജനൈക്കോവിൽ സ്ട്രീറ്റിൽ മുത്തുകുമാരത്തെയാണ്(30) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം റെയിൽവേ ക്വാർട്ടേഴ്സിനുസമീപത്ത് താമസിക്കുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരെയും കൂട്ടിയാണ് പ്രതി മോഷണം നടത്തിയത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞമാസം 22ന് രാത്രി പതിനൊന്നോടെയാണ് ചുവന്നഗേറ്റിലെ ഏഷ്യൻ ഫർണിച്ചർ ആൻഡ് ഹോം അപ്ലൈൻസസിൽ മോഷണം നടന്നത്. മൂന്നാം നിലയിലെ വാതിൽ പൊളിച്ച് അകത്തുകയറി ഒന്നാംനിലയിലെ കൗണ്ടറിൽ ഉണ്ടായിരുന്ന രണ്ട് ലാപ്‌ടോപ്പും മൊബൈൽ ഫോണും സിസിടിവിയുടെ ഡിവിആർ യൂണിറ്റും കടയ്‌ക്കുമുന്നിൽ നിർത്തിയിട്ട ഗുഡ്സ് വാഹനവും ഉൾപ്പെടെ 3.6 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്‌ച രാത്രി ഷൊർണൂർ എസ്എംബി ജങ്‌ഷനുസമീപം സംശയാസ്‌പദമായി നിൽക്കുന്നതുകണ്ട് മുത്തുകുമാരത്തെ ചോദ്യംചെയ്തപ്പോഴാണ് ചുവന്നഗേറ്റിലെ മോഷണത്തെക്കുറിച്ച് പറഞ്ഞത്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം മായന്നൂർ പാലത്തിനുസമീപത്തുനിന്ന് കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ മറ്റ് ചിലതും പൊലീസ് വീണ്ടെടുത്തു. ഒരു ലാപ്ടോപ്പും ഡിവിആറും കണ്ടെടുക്കാനുള്ളതായി പൊലീസ് അറിയിച്ചു.
ഗ്യാസ് സ്റ്റൗവ്, മിക്സി, ഓവൻ, ഇൻഡക്‌ഷൻ കുക്കർ, കുക്കർ, ദോശത്തവ എന്നിവയും മോഷണം പോയതായി പൊലീസ് കണ്ടെത്തി.
പ്രതിയെ തിങ്കളാഴ്ച പകൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ വി രവികുമാർ, എസ്ഐ കെ ആർ മോഹൻദാസ്, എസ്ഐമാരായ കെ അനിൽകുമാർ, ടി പി രാജീവ്, എസ്‌സിപിഒ സജീഷ്, എഎസ്ഐ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.








0 comments