ad
Deshabhimani

ആരവം, ആവേശം

പാലക്കാട്‌ പറക്കുന്നത്ത്‌ സ്ഥാപിച്ച പോർച്ചുഗൽ, ബ്രസീൽ, അർജന്റീന ടീമുകളുടെ ഫ്ലക്‌സ്‌ ബോർഡുകൾ
avatar
സ്വന്തം ലേഖകൻ

Published on Jun 10, 2026, 01:09 AM | 1 min read

പാലക്കാട്‌

ലോകം ഒരു പന്തായി മാറാൻ മണിക്കൂറുകൾ മാത്രം. വ്യാഴം രാത്രി 12.30ന്‌ പന്തുരുളും. ലോകകപ്പ്‌ ഫുട്‌ബോൾ ആവേശത്തിനൊപ്പം അണിചേരാൻ ജില്ലയും സെറ്റായി. ഗ്രാമ– നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ടീമുകളുടെ -ഫ്ലക്‌സുകളും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നിറഞ്ഞു. ഫാൻസ്‌ അസോസിയേഷനുകൾ മത്സരിച്ച്‌ കൂറ്റൻ ബോർഡുകൾ ഉയർത്താൻ തുടങ്ങിയതോടെ ജില്ലയുടെ കാൽപ്പന്താവേശം സമൂഹമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുകഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലക്‌സ്‌ യുദ്ധം നടക്കുകയാണ്‌. കോങ്ങാട്‌ കോട്ടശേരിയിൽ അർജന്റീന ആരാധകർ 160 അടി നീളമുള്ള ഫ്ലക്‌സ്‌ ബോർഡ്‌ സ്ഥാപിച്ചാണ്‌ തുടക്കമിട്ടത്‌. തൊട്ടുപിന്നാലെ 182 അടി നീളമുള്ള ബോർഡുമായി ബ്രസീൽ ആരാധകരെത്തി. പോർച്ചുഗൽ ആരാധകരുമെത്തി. ഒറ്റപ്പാലത്ത്‌ 200 അടി നീളമുള്ള ബോർഡാണ്‌ അർജന്റീന ആരാധകർ സ്ഥാപിച്ചത്‌. ഇ‍ൗസ്‌റ്റ്‌ ഒറ്റപ്പാലം മായന്നൂർപ്പാലം കവലയിലെ സ്വകാര്യ കെട്ടിടത്തിന്‌ മുകളിൽ ബ്രസീൽ ആരാധകർ 1,300 ചതുരശ്രഅടി വിസ്‌തീർണമുള്ള ബോർഡാണ്‌ സ്ഥാപിച്ചത്‌. പോർച്ചുഗൽ, ജർമനി, ഫ്രാൻസ്‌, സ്‌പെയിൻ, നെതർലൻഡ്‌സ്‌, ഇംഗ്ലണ്ട്‌ തുടങ്ങിയ ടീമുകൾക്കും ആരാധകരുണ്ട്‌. ഇ‍ൗ ടീമുകളുടെയും ബോർഡുകളും വിവിധയിടങ്ങളിലുണ്ട്‌. ലയണൽ മെസി, നെയ്‌മർ, ക്രിസ്റ്റ്യാനോ റോണാൾഡോ, എംബാപ്പെ തുടങ്ങിയവരുടെ കട്ട‍ൗട്ടുകളും വിവിധയിടങ്ങളിൽ ഉയർന്നു. അകത്തേത്തറ ജങ്‌ഷനിൽ പോർച്ചുഗൽ ആരാധകർ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ 37 അടി ഉയരമുള്ള കട്ട‍ൗട്ടാണ്‌ ഉയർത്തിയത്‌. ആരാധകർക്ക്‌ ഒരുമിച്ച്‌ കളി കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ സ്‌ക്രീനുകളും ഒരുങ്ങുന്നുണ്ട്‌. മഴയുള്ളതിനാൽ വലിയ പന്തലിട്ട്‌ അതിനുള്ളിലാണ്‌ സ്‌ക്രീനുകൾ സ്ഥാപിക്കുന്നത്‌. ലോകകപ്പ്‌ എത്തിയതോടെ ജഴ്‌സികളും കൊടിതോരണങ്ങളും വിൽക്കുന്ന കടകളിൽ കച്ചവടവും പൊടിപൊടിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home