ad
Deshabhimani

കെണിയിലായ പുലിയെ തൊട്ടടുത്ത തേക്ക്‌ പ്ലാന്റേഷനിൽ തുറന്നുവിട്ട്‌ വനംവകുപ്പ്; വ്യാപക പ്രതിഷേധം

kollam Leopard.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 10, 2026, 10:06 AM | 1 min read

കൊല്ലം: നാട്ടിലിറങ്ങി ഭീതിവിതച്ച പുലിയെ കെണിവച്ചു പിടിച്ച്‌ തൊട്ടടുത്ത മണ്ഡലത്തിലെ തേക്ക് പ്ലാന്റേഷനിൽ തുറന്നുവിട്ട് വനംവകുപ്പിന്റെ അനാസ്ഥ. പത്തനാപുരം അലിമുക്കിൽ ജനവാസ മേഖലയിൽനിന്ന്‌ പിടികൂടിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ അച്ചൻകോവിൽ ഡിവിഷനു കീഴിലെ കല്ലാർ, കാണയാർ റേഞ്ചുകളിൽപെട്ട പുലിക്കയം, ചിറ്റാർ, ആനകുത്തി മേഖലകളിൽ തുറന്നു വിടുകയായിരുന്നു.


ഒരു അസംബ്ലി മണ്ഡലത്തിലെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ അവിടെയുള്ള പുലിയെ പിടിച്ച് തൊട്ടടുത്ത മണ്ഡലത്തിൽ ഇറക്കിവിടുകയെന്ന വിചിത്ര നടപടിയാണിത്. ഇതിനെതിരെ നാട്ടുകാരും ആദിവാസി സമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. പത്തനാപുരം മണ്ഡലത്തിന്റെ അതിർത്തിയിൽനിന്ന് പിടികൂടിയ പുലിയെ സുരക്ഷിതമായ ഉൾവനത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, വനംവകുപ്പിന്റെ കാലപ്പഴക്കം ചെന്ന വാഹനം മലകയറില്ലെന്ന കാരണം പറഞ്ഞ്, ആദിവാസി വിഭാഗങ്ങൾ പരമ്പരാഗതമായി ജോലി ചെയ്ത് ജീവിക്കുന്ന, മലഞ്ചരക്കുകൾ ശേഖരിക്കാൻ പോകുന്ന വനയോരങ്ങളിലാണ് യാതൊരു മുൻകരുതലുമില്ലാതെ പുലിയെ തുറന്നുവിട്ടത്.


വാഹനം വനത്തിലേക്ക് കടക്കാനാകാതെ കേടായെന്ന് പറഞ്ഞാണ് വനംവകുപ്പിന്റെ ഈ നടപടി. നിരവധി തീർഥാടകർ എത്താറുള്ള അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളിലാണ് ഇപ്പോൾ പുലിയുള്ളത്‌. കർക്കടക വാവുബലിക്ക്‌ ഇവിടേക്ക് നിരവധി ആളുകൾ എത്താറുണ്ട്. പ്രകോപിതരായ നാട്ടുകാർ അധികൃതരുമായി വാക്കേറ്റമുണ്ടായി. അച്ചൻകോവിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം നിത്യമാണ്. ഇതിനിടെയാണ് വീണ്ടും പുലിയെ കൊണ്ടുവിടുന്നതെന്നും മനുഷ്യജീവന് ഒരു വിലയും അധികൃതർ കൽപ്പിക്കിന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. വനപാലകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് ജയമോഹൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home