കറങ്ങാം കാൽപ്പന്തിനുചുറ്റും

കൊടുമ്പ് മിഥുനംപള്ളത്ത് ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ സ്ഥാപിച്ച തോരണങ്ങൾ, ഫ്ലക്സ്, കൊടികൾ
എസ് നന്ദകുമാർ
Published on May 24, 2026, 12:42 AM | 1 min read
പാലക്കാട്
ഫുട്‌ബോൾ ലോകകപ്പുയർത്തി നിൽക്കുന്ന മെസി, പോരാട്ടത്തിന്റെ ആൾരൂപമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാംബാതാളത്തിന്റെ മാന്ത്രികക്കാലുകളുള്ള നെയ്‌മർ, ഇവരെ കൂടാതെ എംബാപ്പേ, ഹാലണ്ട്, അൽവാരസ്, വിനീഷ്യസ് തുടങ്ങി യുവതാരങ്ങൾ... ജില്ലയുടെ മുക്കിലും മൂലയിലുമെല്ലാം കാൽപ്പന്തിലെ താരങ്ങളുടെ ചിത്രങ്ങളാണ്. ലോകകപ്പിന് 18 ദിവസം മാത്രം ശേഷിക്കെ ഫുട്‌ബോൾ ആവേശമാണെങ്ങും. കവലകളിലും ചായക്കടകളിലും വാഗ്വാദങ്ങൾ സജീവമായി. ഇഷ്ടതാരങ്ങളുടെ പേരെഴുതിയ ജഴ്സികൾ സ്വന്തമാക്കാൻ ആരാധകർ മത്സരിക്കുമ്പോൾ, ഒന്നിച്ച് കളികാണാൻ ബിഗ് സ്ക്രീനുകൾ ഒരുക്കുന്ന തിരക്കിലാണ് ക്ലബ്ബുകൾ. അവസാന ലോകകപ്പിനിറങ്ങുന്ന ഇതിഹാസ താരങ്ങൾക്കൊപ്പം യുവപ്രതിഭകളും ആവേശമുണർത്തുന്നു. ഗ്രാമങ്ങളിൽ ഷൂട്ടൗട്ട് മത്സരങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റുകൾക്കും തുടക്കമായി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി ടീമുകൾക്കാണ് ആരാധകരേറെ. എന്നാൽ ഇത്തിരിക്കുഞ്ഞന്മാർക്കായുള്ള ഫ്ലക്‌സുകളും നിരത്തുകളിലുണ്ട്. യുഎസ്എ, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിന്റെ ആദ്യമത്സരം ജൂൺ 12-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.










0 comments