ad
Deshabhimani

■ ജില്ലയിൽ വെടിക്കെട്ട്‌ അപകടങ്ങളിൽ പൊലിഞ്ഞത്‌ 54ലേറെ ജീവനുകൾ

നെന്മാറ മുതൽ കൂറ്റനാടുവരെ; ദുരന്തക്കമ്പത്തിൽ 
ഇനിയെത്ര ജീവൻ

ഷൊർണൂരിനടുത്ത്‌ ത്രാങ്ങാലിയിലെ വെടിക്കെട്ട്‌ അപകടത്തിനെ തുടർന്ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

ഷൊർണൂരിനടുത്ത്‌ ത്രാങ്ങാലിയിലെ വെടിക്കെട്ട്‌ അപകടത്തിനെ തുടർന്ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

avatar
സ്വന്തം ലേഖിക

Published on Apr 23, 2026, 12:59 AM | 1 min read

പാലക്കാട്‌

വർണക്കാഴ്‌ചകൾ മാത്രമല്ല‍, വെടിക്കെട്ട്‌ ആഘോഷങ്ങളുടെ ഓർമകൾക്ക്‌ പിന്നിൽ പുകമറക്കുള്ളിൽ മാഞ്ഞുപോയ ജീവിതങ്ങൾകൂടിയുണ്ട്‌. എത്രതന്നെ ജീവനുകൾ പൊലിഞ്ഞാലും ഒരു വിട്ടുവീഴ്‌ചയുമില്ലാതെ ആഘോഷങ്ങളുടെ കമ്പത്തിൽ വെടിക്കെട്ടും ആനയും ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. 1982ലെ നെന്മാറ–വല്ലങ്ങി വേലമുതൽ ജീവനെടുത്തും അല്ലാതെയും നിരവധി അപകടങ്ങളാണ്‌ ജില്ലയിൽ നടന്നത്‌. 54ലേറെ ജീവനുകൾ പൊലിഞ്ഞു. തൃശൂർ മുണ്ടത്തിക്കോട്ടെ ദുരന്തത്തിൽ മരിച്ചവരിലും രണ്ട്‌ പാലക്കാട്ടുകാർ. ചരിത്രത്താളുകളിൽ കണ്ണീരിന്റെ കറുത്ത മഷിയാൽ എഴുതപ്പെട്ട 1982-ലെ നെന്മാറ–വല്ലങ്ങി വേലയോടനുബന്ധിച്ചുണ്ടായ ദുരന്തത്തിൽ 12 പേരാണ്‌ മരിച്ചത്‌. പടക്കങ്ങൾ സൂക്ഷിച്ച താൽക്കാലിക ഷെഡ്ഡിലേക്ക് തീപ്പൊരി വീണതാണ്‌ അപകടത്തിനിടയാക്കിയത്‌. പിന്നീട്, 2016-ൽ നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിക്കെട്ട് കാണാനെത്തിയ ആൾക്കൂട്ടത്തിനിടയിലേക്ക് പടക്കം പൊട്ടി വ‍ീഴുകയായിരുന്നു. ഇത്തവണ ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു. 1998ൽ കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലുള്ള പടക്കനിർമാണശാലയിൽ സ്ഫോടനം നടന്ന്‌ 13 പേരാണ്‌ മരിച്ചത്‌. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ പട്ടാമ്പിക്കടുത്ത്‌ ആലൂരിൽ ചാമുണ്ഡിക്കാവ് ക്ഷേത്രോത്സവത്തിന്‌ പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ എട്ടുപേർക്ക്‌ ജീവൻ നഷ്ടമായി. 2009ൽ തൃത്താല മുടവന്നൂരിൽ പടക്കനിർമാണശാലയ്ക്ക്‌ തീപിടിച്ച്‌ ഏഴുപേർ മരിച്ചു. 2011 ഫെബ്രുവരിയിലാണ്‌ ഷൊർണൂരിനടുത്ത്‌ ത്രാങ്ങാലിയിൽ അനധികൃത പടക്കനിർമാണശാലയിൽ നാടിനെ ഞെട്ടിച്ച 10 പേരുടെ മരണത്തിനിടയാക്കിയ അപകടം. തൃശൂരിലേതിന്‌ സമാനമായി നടന്ന ദുരന്തത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനും രക്ഷാപ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടായി. 2013 ഫെബ്രുവരി 11-ന് ഒറ്റപ്പാലത്തിനടുത്ത് പന്നിയംകുറുശിയിലുണ്ടായ അപകടത്തിൽ ഏഴുപേരാണ്‌ മരിച്ചത്‌. 2018ൽ വണ്ടിത്താവളത്തെ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റിരുന്നു. 2020 ഫെബ്രുവരിയിൽ മണ്ണാർക്കാട് അരിയൂരിലെ ഒരു പടക്കനിർമാണ ശാലയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ കൂറ്റനാട്‌ ആമക്കാവിൽ നടന്ന വെടിക്കെട്ട്‌ അപകടമാണ്‌ ഏറ്റവും ഒടുവിലത്തേത്‌. നാലുപേർക്ക്‌ പരിക്കേറ്റു. ശ്രീകൃഷ്ണപുരത്ത്‌ വിഷു ആഘോഷങ്ങൾക്കിടയിൽ പടക്കംപൊട്ടി ഒരാളും മരിച്ചു. 2024ൽ അനുമതിയില്ലാതെയുള്ള കരിമരുന്ന് പ്രയോഗത്തിന് സംസ്ഥാനത്താകെ 32 കേസുകളാണ്‌ രജിസ്റ്റർ ചെയ്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home