കന്യാകുമാരി മുതൽ നേപ്പാൾ വരെ സഞ്ചാരം
ബൈക്കിൽ ഫിറോസ് താണ്ടിയത് 12,632 കിലോമീറ്റർ


സ്വന്തം ലേഖകൻ
Published on Jul 07, 2025, 01:10 AM | 1 min read
കുഴൽമന്ദം
ബൈക്കിൽ ചെറിയൊരു യാത്രപോലും ബോറടിക്കുന്നവർക്ക് അത്ഭുതമാണ് ഫിറോസ്. കറൻസികളിൽ കണ്ട ചിത്രവും കേട്ടറിഞ്ഞ സ്ഥലങ്ങളുമെല്ലാം തേടിയിറങ്ങിയ സഞ്ചാരം അവസാനിച്ചത് മുപ്പതാം നാൾ. ഇന്ത്യയും നേപ്പാളും ചുറ്റിയ യാത്രയിൽ സഞ്ചരിച്ചതാകട്ടെ 12,632 കിലോമീറ്റർ. കടുങ്ങലം സ്വദേശിയായ ഐ ഫിറോസ് ഏപ്രിൽ അഞ്ചിനാണ് തോലനൂരിൽനിന്ന് യാത്ര തുടങ്ങിയത്. ഔറംഗബാദ് ബിബി കാ മഖ്ബറാ, എല്ലോറ അജന്ത ഗുഹകൾ, ആഗ്ര ഫോർട്ട്, താജ്മഹൽ, റെഡ് ഫോർട്ട്, ഇന്ത്യ ഗേറ്റ്, അമൃതസർ സുവർണക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളെല്ലാം പിന്നിടുമ്പോഴാണ് പഹൽഗാം വെടിവയ്‌പ്. ഇതോടെയാണ് നേപ്പാൾകൂടി യാത്രയിൽ ഇടംപിടിച്ചത്. നാല് രാത്രിമാത്രമാണ് ഹോട്ടലിൽ താമസിച്ചത്. 26 രാത്രിയും ടെന്റ് ഹൗസിലായിരുന്നു. ഭക്ഷണം സ്വയം പാകംചെയ്ത് കഴിച്ചു. 400 മുതൽ 450 കിലോമീറ്റർ ദൂരമാണ് ദിവസേന സഞ്ചരിച്ചത്. മാപ്പിൽ കാണുംപോലെ ഇന്ത്യയെ ബൈക്ക് കൊണ്ടുവരച്ച് മെയ് അഞ്ചിനാണ് തിരിച്ചെത്തിയത്. 2023ൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങളിലേക്കും ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഏഴു ദിവസമായിരുന്നു ദൈർഘ്യം. യുട്യൂബ് ചാനലായ സോളിവാഗന്റ് റാപ്‌സിഡിലൂടെ 30 ഭാഗങ്ങളായി യാത്രകൾ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കുഴൽമന്ദം ഗവ. ഐടിഐയിലെ ജീവനക്കാരനാണ് ഫിറോസ്. ഭാര്യ ആസിയ പാലക്കാട് മുൻസിഫ് കോടതി ജീവനക്കാരിയാണ്. തോലനൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളായ ഇയാൻ, ഈഥൻ എന്നിവരാണ് മക്കൾ.










0 comments