ad
Deshabhimani

അതിർത്തി കടക്കുന്ന ലോട്ടറി ചൂതാട്ടം; വ്യാജ വാട്‌സാപ്പ് 
ടിക്കറ്റുകളുമായി തട്ടിപ്പ്

ഗോപാലപുരത്ത് പ്രവർത്തിക്കുന്ന ലോട്ടറി കടകൾ

ഗോപാലപുരത്ത് പ്രവർത്തിക്കുന്ന ലോട്ടറി കടകൾ

avatar
എസ്‌ സുധീഷ്‌

Published on Aug 08, 2026, 01:13 AM | 1 min read

ചിറ്റൂർ

വാളയാർ മുതൽ ഗോവിന്ദാപുരം വരെയുള്ള അതിർത്തി പ്രദേശങ്ങളിൽ നടക്കുന്നത് ലക്ഷങ്ങളുടെ ലോട്ടറി ചൂതാട്ടം. ​വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം അതിർത്തി പ്രദേശങ്ങളിൽ മാത്രം പ്രവർത്തിക്കുന്നത് അഞ്ഞൂറിലേറെ ലോട്ടറി കടകളാണ്‌. ഓൺലൈൻ ലോട്ടറി കച്ചവടം വേറെയും. ​സംസ്ഥാനത്ത് ഏറ്റവുമധികം ലോട്ടറി വിൽക്കുന്ന പാലക്കാട്ടെ പകുതിയിലേറെ ലോട്ടറിയും വിറ്റുപോകുന്നത്‌ തമിഴ്നാട്ടിലേക്കാണ്‌. ലോട്ടറിക്ക് നിരോധനമുള്ളതുകൊണ്ടാണ് കേരള ലോട്ടറിക്ക് തമിഴ്നാട്ടിൽ ആവശ്യക്കാരേറുന്നത്‌. ഇതിന്റെ ചുവടുപിടിച്ചാണ് ഓൺലൈനായി വ്യാജ ലോട്ടറി വിൽപ്പന പെരുകുന്നത്. വാട്‌സ്ആപിലൂടെ ലോട്ടറി നമ്പറുകൾ അയയ്ക്കും. ചെറിയ സമ്മാനങ്ങൾ ലഭിക്കുമ്പോൾ എല്ലാവർക്കും തുക നൽകി വിശ്വാസം പിടിച്ചു പറ്റും. ആദ്യ മൂന്ന് സമ്മാനം ലഭിക്കുമ്പോൾ ഒരേ ടിക്കറ്റ് വാങ്ങിയെന്ന അവകാശവാദവുമായി ഒന്നിലധികം പേർ എത്തിയതോടെയാണ് തട്ടിപ്പ്‌ പുറത്തായതെന്ന്‌ പൊലീസ് പറയുന്നു. സമ്മാനം അടിച്ച ലോട്ടറി കൈവശമില്ലാത്തതിനാൽ പൊലീസ് കേസെടുക്കാനും തയ്യാറാവുന്നില്ല. മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ദിവസവും ലഭിക്കുന്നത് . അതിർത്തി പ്രദേശങ്ങളിൽ ഷെഡുകളും വീടുകൾക്ക് മുന്നിൽ ചെറിയ ബോർഡുകളും സ്ഥാപിച്ചാണ്‌ ഓൺലൈൻ ലോട്ടറിക്കച്ചവടം നടത്തുന്നത്. ചുരുങ്ങിയത് 50 മുതൽ 100 സെറ്റുകൾ വരെ(ഒരേ നമ്പറിലുള്ള 12 ലോട്ടറി ) വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മാത്രം പ്രതിദിനം വിറ്റഴിക്കുന്നുണ്ടെന്ന് പൊലീസ്‌ പറയുന്നു. ആഴ്ചകൾക്കുമുൻപ് ഒരു കോടിരൂപ സമ്മാനംലഭിച്ച ലോട്ടറി ടിക്കറ്റ്‌ സാമൂഹികമാധ്യമം വഴി വിറ്റതായിരുന്നു. സമ്മാനം ലഭിച്ച തമിഴ്‌നാട് സ്വദേശി അന്വേഷിച്ചപ്പോഴാണ്‌ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്നും താൻ കബളിപ്പിക്കപ്പെട്ടതാണെന്നും മനസ്സിലായത്. പിന്നീട് വിൽപ്പന നടത്തിയ നമ്പറിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home