സഞ്ചാരികളുടെ മനസ്സിലിടംനേടി സീതാർകുണ്ട് ഇക്കോ ടൂറിസം കേന്ദ്രം
സന്തോഷനേരങ്ങൾ

ടി ജയശ്രീ
എ തുളസീദാസ്
Published on Feb 09, 2026, 12:15 AM | 1 min read
പാലക്കാട്
"പഴയ കാലമല്ല. തിരക്കോട് തിരക്കാണ് ആളുകൾക്കെല്ലാം. ഒഴിവുദിവസം അടിച്ചുപൊളിക്കാനാണ് തോന്നുക. അങ്ങനെയുള്ളവർക്ക് കൊല്ലങ്കോട് വലിയ ആകർഷണമാണ്. സീതാർകുണ്ടിൽ ഇക്കോ ടൂറിസം കേന്ദ്രംകൂടി ആയതോടെ ഇരട്ടിമധുരം. ദീർഘദൂരയാത്ര കഴിഞ്ഞ് എത്തുമ്പോൾ പ്രാഥമിക ആവശ്യത്തിനും വിശ്രമത്തിനും അടിസ്ഥാന സൗകര്യം ഇവിടെ ഒരുക്കിയത് ഗുണമായി– തൃശൂർ വരന്തരപ്പിള്ളി സ്വദേശി ടി ജയശ്രീയുടെ വാക്കുകളിലുണ്ട് വിനോദസഞ്ചാരമേഖലയിലെ മാറ്റം. വനം–വന്യജീവി വകുപ്പിന്റെ നെന്മാറ ഡിവിഷന്‍ കൊല്ലങ്കോട് വനംറേഞ്ചില്‍ സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഇക്കോ ടൂറിസം കേന്ദ്രം. സീതാർകുണ്ട് വെള്ളച്ചാട്ടവും നെല്ലിയാമ്പതി മലനിരകളുടെ പ്രകൃതി ഭംഗിയും ആസ്വദിച്ച് വിശ്രമിക്കാം. ശുചിമുറികൾ, വനവിഭവങ്ങളുടെ വിപണന കേന്ദ്രം, സെൽഫി പോയിന്റ്, കുടിവെള്ള സൗകര്യം, വെള്ളച്ചാട്ടംവരെ നടക്കാൻ കോണ്‍ക്രീറ്റ് നടവഴി, ഇരിപ്പിടം എന്നിവയുണ്ട്. 75 ലക്ഷം രൂപ ചെലവിട്ടാണ് അടിസ്ഥാന സൗകര്യം ഒരുക്കിയത്. അപകടമില്ലാതെ വെള്ളച്ചാട്ടം കാണാന്‍ ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. കെ ബാബു എംഎൽഎ ഇടപെട്ടാണ് കേന്ദ്രം നിര്‍മിച്ചത് . പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ക്യാമറയ്ക്ക് 50 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്ക്.










0 comments