ഓട്ടത്തിനിടെ കാറിന് തീപിടിച്ചു

പൊൽപ്പുള്ളി
പൊൽപ്പുള്ളി നെല്ലിയംപാടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടതും അകത്തുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പൊൽപ്പുള്ളി സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജിജേഷും കുടുംബവും സഞ്ചരിച്ചിരുന്ന വോക്സ് വാഗൺ പോളോ കാറാണ് കത്തിയത്. ബുധൻ വൈകിട്ട് 6.30നാണ് സംഭവം. പാലക്കാടുനിന്ന് നെല്ലിയംപാടത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടെ വീടിന് 100 മീറ്റർ മുമ്പായി കാറിന്റെ മുൻവശത്ത് നിന്നും വലിയതോതിൽ പുക ഉയരുകയായിരുന്നു. ഇതുശ്രദ്ധയിൽപ്പെട്ട കാർ ഓടിച്ചിരുന്ന ജിജീഷും ഭാര്യ സെലിൻ, ചേട്ടൻ ജിഷ്ണു, ജിഷ്ണുവിന്റെ ഭാര്യ മനീഷ എന്നിവർ ഉടൻ പുറത്തേക്ക് ഇറങ്ങി. ചിറ്റൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണമായും കത്തി നശിച്ചു. രണ്ടര വർഷം മുമ്പ് വാങ്ങിയ കാർ മൂന്നുമാസം മുമ്പാണ് സർവീസിന് കൊടുത്തിരുന്നതെന്നും പ്രത്യേകിച്ച് തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും ജിജീഷ് പറഞ്ഞു.










0 comments