ad
Deshabhimani

ലഹരിക്കടത്തിന് ഹൈടെക് വഴി

മാഫിയാ ഹബ്ബായി 
കഞ്ചിക്കോടും മലമ്പുഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2026, 01:11 AM | 1 min read

പാലക്കാട്

"ഓപ്പറേഷൻ തൂഫാൻ' എന്നൊക്കെ പേരിട്ട് പരിശോധനകൾ നടത്തുമ്പോഴും ലഹരി മാഫിയകളെ പ്രതിരോധിക്കുന്നതിൽ എക്സൈസും പൊലീസും അമ്പേ പരാജയം. കാക്കിപ്പടയുടെ കണ്ണിൽ പെടാതെ ലഹരി കടത്താൻ ഹൈടെക് വഴികൾ സ്വീകരിക്കുന്നതോടെ അധികൃതര്‍ക്ക് ഇവരെ തൊടാൻ പോലുമാകുന്നില്ല. കഞ്ചിക്കോട്, മലമ്പുഴ മേഖലകളാണ് ലഹരിക്കടത്തിന്റെ ഹബ്ബായി മാറുന്നത്. എക്സൈസ്, പൊലീസ്, ആർപിഎഫ് സംഘങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുമ്പോൾ സ്റ്റേഷനിലെത്തും മുന്പേ സംഘം ലഹരി കൈമാറും. ട്രെയിൻ വിജനമായ സ്ഥലങ്ങളിലെത്തുമ്പോൾ ലഹരിക്കെട്ടുകൾ പുറത്തേക്കെറിയും. കഞ്ചിക്കോട്, കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ഭാഗങ്ങളിലും മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപവുമാണ് കേന്ദ്രങ്ങൾ. പൊതികൾ ശേഖരിക്കാൻ ലഹരിസംഘങ്ങൾ തമ്പടിക്കും. മലമ്പുഴ നൂറടി റോഡ് വഴി കാറ്റിൽഫീഡ് ഫാക്ടറിയുടെ അരികിലൂടെയുള്ള വഴിയിലൂടെയും മലമ്പുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലൂടെയുള്ള വഴിയിലൂടെയുമാണ് ഇവർ ട്രാക്കിനരികിൽ എത്തുന്നത്. ​അപകടങ്ങളും ദുരൂഹതകളും അമിതവേഗത്തിൽ സഞ്ചരിച്ച് നൂറടി റോഡിൽ അപകടത്തിൽപ്പെട്ട യുവാവിനെ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുംമുന്പ്‌ ലഹരിസംഘം ഇയാളെ അവിടെനിന്നും കടത്തി. ട്രാക്കിന് സമീപം സംശയാസ്പദമായി ആളുകളെ കാണുന്നതോടെ നാട്ടുകാര്‍ ചോദ്യം ചെയ്യുമ്പോൾ തര്‍ക്കമുണ്ടാകുന്നതും പതിവാണ്. എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെയാണ് കടത്തുന്നത്. ​വഴി ഹൈടെക് മാര്‍ഗങ്ങൾ ലഹരി കടത്തിന്റെ വിവരം കൈമാറാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൊലീസിനെ വലയ്ക്കുന്നുണ്ട്. കോഡ് ഭാഷയിലാണ് ആശയ വിനിമയം. കൂട്ടത്തിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ കോൾ പോലും വരാത്ത രീതിയിലാണ് ശൃംഖല. ലഹരി പാക്കറ്റുകൾ കണ്ടെത്താൻ ലൊക്കേഷൻ പ്രിസൈസ് ട്രാക്കർ ചിപ്പുകൾ പാക്കറ്റുകളിൽ ഘടിപ്പിക്കും. ഇവയുടെ ഡിവൈസ് ഐഡി ശേഖരിക്കാൻ വരുന്നവർക്ക് കൈമാറും. ഇതോടെ ഏത് അർധരാത്രിയിലും കൃത്യമായി മൊബൈലിലൂടെ ലഹരിസംഘത്തിന് പാക്കറ്റ് കണ്ടെത്താനാകും. പൊലീസ് പരിശോധനയിൽ കിട്ടാത്തത് ഇവര്‍ക്ക് കിട്ടും. ഇതോടെ റെയിൽവേ സ്റ്റേഷനിൽ എത്രവലവിരിച്ചാലും പൊലീസിന് ആരെയും കിട്ടില്ല. മലമ്പുഴ നവോദയ വിദ്യാലയ പരിസരം, കൊട്ടേക്കാട്, കഞ്ചിക്കോട് മേഖലകളിൽ രാത്രികാല പരിശോധന വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home