മലയാളിക്ക് ചരിത്ര നിമിഷം
മങ്കരയ്‌ക്ക് അഭിമാനമായി ഡോ. അനിൽ മേനോൻ

അനിൽ മേനോൻ പരേതയായ മുത്തശ്ശി കല്യാണിക്കുട്ടിക്കും ബന്ധുക്കൾക്കുമൊപ്പം (2024ൽ പാലക്കാട് എത്തിയപ്പോൾ എടുത്ത ചിത്രം)

സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:24 AM | 1 min read
പാലക്കാട്
അന്താരാഷ്ട്ര ബഹിരാകാശ ഭൂപടത്തിൽ മലയാളിപ്പെരുമയുടെ സുവർണ മുദ്ര. ഡോ. അനിൽ മേനോനെയും വഹിച്ചുള്ള പേടകം കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് ഉയർന്നതോടെ മങ്കരയിലെ ജനങ്ങളിലും ആവേശവും അഭിമാനവും. അമേരിക്കയിലാണ് ജനിച്ച് വളർന്നതെങ്കിലും അനിൽ മേനോന്റെ വേരുകൾ കേരളത്തിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും ഉക്രെയ്ൻ സ്വദേശി എലിസബത്തിന്റെയും മകനാണ്. ഇൗ നേട്ടത്തിൽ മങ്കര നിവാസികളും ആവേശത്തിലാണ്. മങ്കരയിലെ കുടുംബ വീട്ടിൽ ഇപ്പോഴുള്ളത് അനിൽ മേനോന്റെ മുത്തശ്ശി കല്യാണിക്കുട്ടിയുടെ സഹോദരൻ കൃഷ്‌ണൻകുട്ടി നായരാണ്. 2024ൽ മുത്തശ്ശിയെ കാണാനാണ് അനിൽ അവസാനം പാലക്കാട് എത്തിയത്. 1970-കളുടെ തുടക്കത്തിലാണ് അനിലിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കുപോയത്. 1976-ൽ മിനസോട്ടയിലുള്ള മിനിയാപോളിസിലാണ് അനിൽ ജനിച്ചത്. ഹാർവാർഡ് സർവകലാശാലയിൽനിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ, സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്നാണ് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം 2014-ലാണ് നാസയിൽ ഫ്ലൈറ്റ് സർജനായി എത്തിയത്. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യപരിപാലന രംഗത്ത് സജീവമായിരുന്നു. 2021 ഡിസംബറിലാണ് ബഹിരാകാശ യാത്രികനായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ ഏജൻസിയായ സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ. മക്കൾ : ജെയിംസ്, ഗ്രേസ്.











0 comments