കെ സ്റ്റോറുകളിൽ സാധനങ്ങൾ ലഭിക്കുന്നില്ല; പ്രതിസന്ധിയിലായി റേഷൻ വ്യാപാരികൾ

അഖിൽ സദാശിവൻ
Published on Jul 15, 2026, 09:40 AM | 1 min read
കൊല്ലം : സാധനങ്ങൾ ലഭിക്കാതായതോടെ കെ സ്റ്റോറിന്റെ (കേരള സ്റ്റോർ) പ്രവർത്തനം അവതാളത്തിൽ. രണ്ടാം പിണറായി സർക്കാർ റേഷൻ കടകളെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് 2023 മെയ് 14മുതൽ കെ സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ വന്നതോടെ ഇവയുടെ പ്രവർത്തനം റേഷൻ വ്യാപാരികൾക്ക് ബാധ്യതയായി. മുമ്പ് കെ സ്റ്റോറിലേക്ക് കൃത്യമായി സാധനങ്ങൾ ശബരി സ്റ്റോറുകളിൽനിന്നും മാവേലി സ്റ്റോറുകളിൽനിന്നും മിൽമയിൽ നിന്നുമുൾപ്പെടെ ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ആവശ്യപ്പെട്ടിട്ട് പോലും സാധനങ്ങൾ നൽകുന്നില്ല.
പത്തു രൂപയ്ക്ക് വിറ്റിരുന്ന സർക്കാരിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം നിലവിൽ ലഭിക്കുന്നില്ല. പാൽ, തൈര്, ഐസ്രകീം ഉൾപ്പെടെയുള്ളവ നൽകിയിരുന്ന കടകൾ അധികവും ഇന്ന് കാലിയാണ്. ജില്ലയിൽ 194 റേഷൻ കടകളിലാണ് കെ സ്റ്റോർ പ്രവർത്തനമുള്ളത്. എന്നാൽ സബ്സിഡി ഇനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസം പദ്ധതിയെ തകിടം മറിച്ചു. ശബരി ഉൽപ്പന്നങ്ങൾ ലഭിച്ചാൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം. തങ്ങളുടെ സ്റ്റോറുകളിൽ ബിസിനസ് കുറയുമെന്ന് വാദിച്ചാണ് സപ്ലൈകോ ഉൽപ്പന്നങ്ങൾ നൽകാത്തത്. സാധനങ്ങൾ എടുക്കാൻ റേഷൻ വ്യാപാരികൾക്ക് 45 ദിവസത്തെ ക്രഡിറ്റ് സൗകര്യം പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. ഇപ്പോൾ സ്വന്തം കൈയ്യിൽനിന്ന് ക്യാഷ് നൽകി മാവേലി ഡിപ്പോകളിൽ പോയി സാധനങ്ങൾ അന്വേഷിച്ചാലും ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന പദ്ധതിയാണ് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.









0 comments