മലമ്പുഴ റിങ് റോഡ്
നിർമാണം അതിവേഗം

മലമ്പുഴ
മലമ്പുഴക്കാരുടെ സ്വപ്‌നപദ്ധതിയായി റിങ് റോഡ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. 34 കിലോമീറ്റർ റിങ് റോഡിൽ കൊല്ലങ്കുന്ന് ഭാഗത്തെ 250 മീറ്റർ പാലത്തിന്റെ മൂന്നാം സ്‌പാനിന്റെ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാൻ കഴിയുന്ന ഉരുക്ക് പാലമാണ് നിർമിക്കുന്നത്. ജില്ലയിലെതന്നെ ആദ്യത്തേതാണിത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് നിർമാണച്ചുമതല. കാസർകോട് ആസ്ഥാനമായ ജാസ്‌മിൻ കമ്പനിയാണ് ഉപകരാറുകാർ. കോയമ്പത്തൂർ ആസ്ഥാനമായ നിർമല എൻജിനിയറിങ് വർക്സാണ് പാലത്തിന്റെ വിവിധ ഘടകങ്ങൾ നിർമിക്കുന്നത്. മൂന്നാം സ്‌പാനിന്റെ ഗർഡറുകൾ (ബീം) സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇവയെ ഉയരത്തിൽ തൂക്കിനിർത്തി കോൺക്രീറ്റിങ് ചെയ്യണം. തുടർന്ന് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതോടെ പ്രവൃത്തി പൂർത്തിയാകും. ഇതിന് 45 ദിവസമെടുക്കുമെന്നാണ് കരുതുന്നത്. അവസാനത്തെ സ്പാനിന്റെ പ്രവൃത്തികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കും. മെയ് ആദ്യവാരം പാലം തുറന്നുകൊടുക്കും. കോയമ്പത്തൂരിൽ നിർമിച്ച ആർച്ചുകൾ ട്രൈലർ ലോറികളിലാണ് സ്ഥലത്തെത്തിച്ചത്. അടുത്തഘട്ടത്തിൽ 60 മീറ്റർ സ്പാനുകൾ എത്തിക്കാൻ വലിയ ട്രൈലർ ഇവിടേക്ക് എത്തേണ്ടതുണ്ട്. ഇതിനായി നിലവിൽ തെക്കേ മലമ്പുഴ റോഡിലെ വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെയും മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിന്റെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് നിർമാണ വസ്തുക്കൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയുള്ളതിനാൽ സ്ഥലം എംഎൽഎ എ പ്രഭാകരൻ ഇടപെട്ട് സമീപവാസിയുടെ സ്ഥലം ഉപയോഗപ്പെടുത്താനും ധാരണയാക്കിയിട്ടുണ്ട്.










0 comments