ad
Deshabhimani

തറക്കല്ലിൽ ഒതുങ്ങിയ സ്വപ്നം

പാലക്കാടിനെ വഞ്ചിച്ചത്‌ 
കോൺഗ്രസും ബിജെപിയും

കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത കഞ്ചിക്കോട്ടെ ഭൂമി

കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത കഞ്ചിക്കോട്ടെ ഭൂമി

avatar
എസ്‌ നന്ദകുമാർ

Published on Aug 05, 2026, 12:17 AM | 2 min read

കഞ്ചിക്കോട്

"ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോച്ച്‌ ഫാക്ടറി ഇനി ഇല്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ വഞ്ചിതരായത്‌ പാലക്കാടൻ ജനതയാണ്‌. ഓരോ ബജറ്റിലും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പച്ചക്കൊടി തെളിയും. പ്രദേശത്തുള്ളവർക്ക് ജോലി സാധ്യതയേറും, ഇതോടെ ഒരു പ്രദേശംതന്നെ മാറുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്'– കോച്ച് ഫാക്ടറി ഭൂമിക്ക് തൊട്ടടുത്ത് താമസിക്കുന്ന കൃഷ്ണകുമാർ പറയുന്നു. "ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയാണ് യുഡിഎഫ് –ബിജെപി സർക്കാരുകൾ ഇല്ലാതാക്കിയത്‌’. പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർത്തെടുത്ത്‌ പ്രീ കോട്ട് കോളനി സ്വദേശി ബിനോയ് മുരളീധരൻ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടശേഷം പ്രഖ്യാപിച്ച റായ്ബറേലി, ബംഗാളിലെ കാഞ്ചപ്ര, ഹരിയാനയിലെ സോണിപത്ത് എന്നിവിടങ്ങളിലെ കോച്ച് ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയാണ് വ്യക്തമാകുന്നത്‌. വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്ക് നിലവിലെ കോച്ച് ഫാക്ടറികളിൽ ആവശ്യമായ കോച്ച് നിർമിക്കാൻ സാധിക്കാത്തതിനാൽ ചെന്നൈ കോച്ച്‌ ഫാക്ടറിയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ കോച്ചുകൾ നിർമിക്കാൻ സ്വകാര്യ കമ്പനികളെ ക്ഷണിക്കാൻ നടപടി ആരംഭിച്ചിരുന്നു. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് 16 ബോഗിയുള്ള ഒരു സെറ്റ് കോച്ച് നിർമിക്കാൻ 62.5 കോടി ചെലവ് വരുമ്പോൾ സ്വകാര്യ കമ്പനികൾക്ക്‌ 120 കോടിവരും. ഇതിലെ അഴിമതി ചൂണ്ടിക്കാണിച്ച് ചെന്നൈ ഐസിഎഫിലെ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. നിലവിൽ വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ബംഗളൂരുവിലെ ബെമലിലാണ് നിർമിക്കുന്നത്‌. ബെമലിന്റെ സഹകരണത്തോടെ പാലക്കാട് കോച്ച് ഫാക്ടറി ആരംഭിച്ചാൽ ഓരോ സെറ്റ് കൊച്ചിനും 47.5 കോടി ലാഭംകിട്ടും. മാത്രമല്ല, പതിനായിരക്കണക്കിന് യുവജനങ്ങൾക്ക് നേരിട്ടും അല്ലാതെയും ഗുണം ലഭിക്കും. ഇതെല്ലാം മറന്നാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചത്.

ഏറ്റെടുത്ത സ്ഥലത്ത് ഇനിയെന്ത്?

കോച്ച് ഫാക്ടറി ഉപേക്ഷിച്ചതോടെ കഞ്ചിക്കോട്ടെ 239 ഏക്കർ ഭൂമിയിൽ ഇനിയെന്ത് എന്നാണ്‌ ജനങ്ങൾ ചോദിക്കുന്നത്‌. 16 വർഷമായി കോച്ച്‌ ഫാക്ടറിക്കുള്ള സ്ഥലം കാടുപിടിച്ചിരിക്കുകയാണ്‌. ഐഐടി സ്ഥിതി ചെയ്യുന്ന കഞ്ചിക്കോട് വ്യവസായ ഇടനാഴിയും വരുന്നതോടെ ജില്ലയുടെ മുഖംതന്നെ മാറുന്ന വേളയിലാണ് ഒരു പദ്ധതിയും നടപ്പാക്കാതെയുള്ള ഇ‍ൗ തീരുമാനം. റെയിൽവേയുമായി സഹകരിച്ച് ലോജിസ്റ്റിക് ഹബ് ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് യോജിച്ച സ്ഥലമാണ് കഞ്ചിക്കോടുള്ളത്.

സിഐടിയു പ്രതിഷേധം ഇന്ന്

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാരിനെതിരെ സിഐടിയു ഡിവിഷൻ കമ്മിറ്റിയുടെ പ്രതിഷേധം ബുധനാഴ്‌ച നടക്കും. കഞ്ചിക്കോട് കിണർ സ്റ്റോപ്പിൽ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിക്കുമുന്നിൽ വൈകിട്ട്‌ അഞ്ചിന് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home