പാലക്കാട് – കോഴിക്കോട് ദേശീയപാത; ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രികർ

കൽമണ്ഡപം ജങ്ഷനിൽ വാഹനങ്ങൾ കുരുങ്ങിയ നിലയിൽ
ചന്ദ്രനഗർ
പാലക്കാട് –- കോഴിക്കോട് ദേശീയപാതയിൽ ചന്ദ്രനഗർ മുതൽ കൽമണ്ഡപം ജങ്‌ഷൻവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രികർ. മേൽപ്പാലം പണി നടക്കുന്നതിനാൽ സഞ്ചാരം ദുഷ്കരമാണ്. പുതുശേരി, എലപ്പുള്ളി ഭാഗത്തുനിന്ന് വരുന്നവർ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്ന ചന്ദ്രനഗർ സിഗ്നൽ എത്തുന്നതിനുമുന്നേ തുടങ്ങുന്ന ഗതാഗതക്കുരുക്കിൽ തിങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. ജില്ലാ ആശുപത്രി, റെയിൽവേ സ്റ്റേഷൻ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനുള്ളതാണ് പാത. റോഡിന്റെ വീതികുറവും റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാണ്. പൊലീസും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വഴിയോരക്കച്ചവടക്കാർ മുതൽ വൻ ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളുമുൾപ്പെടെ അമ്പതിലേറെ കടകളാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ റോഡരികിലുള്ളത്. കൽമണ്ഡപം കനാലിനുസമീപം സിഗ്നൽ സ്ഥാപിക്കാൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും കാലങ്ങളായി ഇവിടെ ട്രാഫിക് പൊലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്. ഗതാഗതക്കുരുക്ക് ഭയന്ന് വാളയാർ, എലപ്പുള്ളി ഭാഗത്തുനിന്നുള്ള യാത്രികരും ആംബുലൻസ് പോലുള്ള സർവീസുകളും രണ്ട് കിലോമീറ്റർ ചുറ്റി തൃശൂർ ദേശീയപാത കാടാങ്കോട് വഴിയാണ് തെരഞ്ഞെടുക്കുന്നത്.
ചന്ദ്രനഗറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം. സിപിഐ എം
പുതുശേരി
ചന്ദ്രനഗറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും പൊലീസും ഇടപെടണമെന്ന് സിപിഐ എം പുതുശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ വാഹനങ്ങൾ രണ്ടുവരിയായി തിരിച്ചുവിട്ടതിനാൽ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ട്. കൂട്ടുപാതമുതൽ കൽമണ്ഡപംവരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ചന്ദ്രനഗർ മുതൽ പിരിവുശാലവരെയുള്ള ഭാഗത്ത് മേൽപ്പാലം പണി നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും അപകടവും തുടർക്കഥയാണ്. മഴക്കാലത്ത് യാത്ര കൂടുതൽ ദുഷ്കരമാകും. മേൽപ്പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments