ad
Deshabhimani

ഓണപ്പരീക്ഷയ്‌ക്ക്‌ എട്ട്‌ അധ്യയനദിനം മാത്രം

അധ്യാപകർക്ക്‌ സെൻസസ്‌ ഡ്യൂട്ടി; 
ക്ലാസുകൾക്ക്‌ അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:33 AM | 1 min read

പാലക്കാട്‌

ഓണപ്പരീക്ഷയ്‌ക്ക്‌ ഇനി എട്ട്‌ അധ്യയനദിനം മാത്രം. പാഠഭാഗങ്ങൾ എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിൽ സെൻസസ്‌ ഡ്യൂട്ടിയിൽ കുടുങ്ങിയ അധ്യാപകർ. സെൻസസ്‌ ഡ്യൂട്ടി വ്യാഴാഴ്‌ച കഴിഞ്ഞെങ്കിലും ഓണപ്പരീക്ഷയ്‌ക്കുമുമ്പ്‌ നിശ്ചിത പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ല. ജില്ലയിലെ 90 ശതമാനം സ്‌കൂളിലെയും പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങൾ താളംതെറ്റി. സർക്കാർ, എയ്‌ഡഡ്‌ സ്കൂളിൽ 15,000 അധ്യാപകരാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ 7000 ത്തിന്‌ മുകളിൽ അധ്യാപകരെ സെൻസസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ചില സ്‌കൂളിലെ പകുതിയിലേറെ അധ്യാപകരും സെൻസസ്‌ ഡ്യൂട്ടിയുള്ളവരാണ്‌. ലെക്കിടയിലെ 26 അധ്യാപകരുള്ള സ്‌കൂളിലെ പതിനാറ്‌ പേർക്കും ഡ്യൂട്ടിയുണ്ട്‌. ഒറ്റപ്പാലം ഉപജില്ലയിലെ ഒരു സ്‌കൂളിലെ ആറ്‌, ഏഴ്‌ ക്ലാസ്‌ അധ്യാപകർ സെൻസസ്‌ ഡ്യൂട്ടിക്ക്‌ കൂട്ടമായി പോയതിനാൽ വിദ്യാർഥികൾക്ക്‌ അവധി നൽകി. വെള്ളിയാഴ്‌ച സെൻസസ്‌ ഡ്യൂട്ടി തീർക്കേണ്ടതിനാൽ കടുത്ത സമർദ്ദത്തിലാണ്‌ അധ്യാപകർ. മറ്റുവഴികളില്ലാതെയാണ്‌ സ്‌കൂളിലെ ചില ക്ലാസുകൾക്ക്‌ അവധി നൽകിയത്‌. സമീപത്തെ മറ്റൊരു സ്‌കൂളിലെ 13 അധ്യാപകരിൽ എട്ട്‌ പേർക്കും സെൻസസ്‌ ഡ്യൂട്ടിയുണ്ട്‌. വ്യാഴാഴ്‌ച ഇതിൽ ആറുപേർക്കും ലീവ്‌ എടുക്കേണ്ടിവന്നു. ജൂലൈ ഒന്ന്‌ – 30വരെയാണ്‌ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കേണ്ടത്‌. 10 ദിവസം പൂർണമായോ 20 ദിവസം ഭാഗികമായോ ഉച്ചയ്‌ക്കുമുമ്പോ ശേഷമോ അവധിയെടുക്കാം. ഒരു വാർഡിലെ 200 വീട്‌ ഉൾക്കൊള്ളുന്ന ഒരു ബ്ലോക്കിലെ വിവരമാണ്‌ ഒരാൾ ശേഖരിക്കേണ്ടത്‌. എന്നാൽ, മിക്കവർക്കും നാന്നൂറിലേറെ വീട്‌ നൽകി. 600 കെട്ടിടങ്ങൾ കിട്ടിയവരുമുണ്ട്‌. വീടുകളിൽ നേരിട്ടെത്തി 33 ചോദ്യങ്ങൾക്ക്‌ ഉത്തരം രേഖപ്പെടുത്തണം. ഇതിന്‌ ശരാശരി അരമണിക്കൂര്‍ വേണം. സന്ദർശന സമയത്ത്‌ വീടുകളിൽ ആളില്ലെങ്കിലോ മതിയായ രേഖകളില്ലെങ്കിലോ അതും വിനയാകും. ആഗസ്‌ത്‌ 13 നാണ്‌ ഓണപ്പരീക്ഷ തുടങ്ങുക. പരീക്ഷ മാറ്റിവയ്‌ക്കില്ലെന്നാണ്‌ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്‌. ശനി, ഞായർ ദിവസങ്ങളിലും രാവിലെ നേരത്തെയും വൈകിട്ടും സെൻസസ്‌ ഡ്യൂട്ടി ചെയ്‌ത അധ്യാപകരുമുണ്ട്‌. കേന്ദ്ര സർക്കാർ പദ്ധതി "യു ഡയസ്‌' ഇ‍ൗ സമത്തുതന്നെ വന്നതും പ്രതിസന്ധി ഇരട്ടിയാക്കി. വിദ്യാർഥികളുടെ വിവരങ്ങൾ ഓൺലൈനിൽ അപ്‌ലോഡ്‌ ചെയ്യേണ്ട ചുമതലയും അധ്യാപകർക്കാണ്‌. ഇതിൽ വീഴ്‌ചയുണ്ടായാൽ വിദ്യാർഥികളുടെ ആനുകൂല്യം മുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home