ad
Deshabhimani

കോൺഗ്രസിന്‌ വോട്ട്‌ മറിക്കാൻ ബിജെപി നേതാക്കൾ നിശബ്ദരായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 15, 2026, 12:01 AM | 1 min read

വേണു കെ ആലത്തൂർ

പാലക്കാട്‌

ജില്ലയിൽ ബിജെപി – കോൺഗ്രസ്‌ ധാരണയുടെ ഭാഗമായി പല മണ്ഡലങ്ങളിലും നേതാക്കൾ പ്രചാരണത്തിൽനിന്ന്‌ വിട്ടുനിന്ന്‌ നിശബ്ദരായെന്ന്‌ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകി. കോങ്ങാട്‌, ഒറ്റപ്പാലം, നെന്മാറ, ചിറ്റൂർ മണ്ഡലങ്ങളിൽ ഇത്‌ വ്യക്തമായെന്നും കത്തിൽ പറയുന്നു. ആർഎസ്‌എസ്‌ നേതൃത്വം നേരിട്ട്‌ ഇടപെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്‌. വൻതോതിൽ പണമൊഴുക്കിയും വോട്ടർമാരെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കാൻ ഉത്തരേന്ത്യൻ മോഡൽ ഇവിടേയും പരീക്ഷിച്ചു. എന്നാൽ അതിനനുസരിച്ച പ്രചാരണം നയിക്കാൻ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചില്ല. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ബിജെപി– കോൺഗ്രസ്‌ ധാരണയുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അത്‌ മറികടക്കാൻ സിപിഐ എം– ബിജെപി ധാരണയെന്ന പ്രചാരണം കോൺഗ്രസ്‌ ഉയർത്തിയെങ്കിലും അതിന്‌ അടിസ്ഥാനമാകുന്ന ഒരുഘടകവും ഉയർത്തിക്കാട്ടാൻ അവർക്കായില്ല. എന്നാൽ ബിജെപി– കോൺഗ്രസ്‌ ധാരണയ്‌ക്ക്‌ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ സിപിഐ എമ്മിനായി. മുൻ സ്ഥാനാർഥിക്ക്‌ പണം വാഗ്‌ദാനം ചെയ്യൽ, മലമ്പുഴയിൽ യുഡിഎഫിന്റെ ദുർബല സ്ഥാനാർഥി, ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണം നയിച്ചത്‌ കോൺഗ്രസ്‌ പ്രവർത്തകൻ, കോങ്ങാട്‌ മണ്ഡലത്തിൽ ഉന്നത കോൺഗ്രസ്‌ നേതൃത്വം ബിജെപി നേതാക്കളുമായി നടത്തിയ ചർച്ച, നെന്മാറയിൽ വോട്ട്‌ പണം കൊടുത്തുവാങ്ങാൻ വിലപേശിയെന്ന എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസിന്റെ പരാതി തുടങ്ങിയവയൊക്കെ ജനങ്ങളിൽ എത്തി. മലമ്പുഴയിലും കോങ്ങാടും യുഡിഎഫ്‌ സ്ഥാനാർഥികളെ കുറിച്ച്‌ നേരത്തേതന്നെ ബിജെപി നേതൃത്വത്തിന്‌ വിവരം കിട്ടി. സ്ഥാനാർഥി ചർച്ച തുടങ്ങുന്നതിന്‌ മുന്പേ വിവരം ഉന്നത കോൺഗ്രസ്‌ നേതാവ്‌ ചോർത്തി നൽകിയത്രെ. പാലക്കാട്‌ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വോട്ടിന്‌ നോട്ട്‌ വീഡിയോ പുറത്തുവന്നത്‌ തിരിച്ചടിയായെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home