കരിമ്പുകൃഷിയിൽ വൻകുറവ്
ആ മധുരമില്ല ചിറ്റൂരിന്


എസ് സുധീഷ്
Published on Jul 07, 2025, 12:45 AM | 1 min read
ചിറ്റൂർ
പൂത്തുലഞ്ഞ കരിമ്പുപാടങ്ങൾ ഒരുകാലത്ത് ചിറ്റൂരിന്റെ അടയാളമായിരുന്നു. കൃഷി മധുരിക്കാതായതോടെ കർഷകർ പതുക്കെ കരിമ്പിനെ ഉപേക്ഷിച്ചു. നെൽകൃഷിപോലെ ഉണ്ടായിരുന്ന ആയിരക്കണക്കിന് ഏക്കർ കരിമ്പുകൃഷി രണ്ട് ഹെക്‌ടറിലേക്ക് ചുരുങ്ങി. വടകരപ്പതി പഞ്ചായത്തിൽമാത്രമാണ് നിലവിൽ കരിമ്പുകൃഷിയുള്ളത്. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലായി നൂറുകണക്കിന് ഏക്കറിൽ കരിമ്പുകൃഷി ചെയ്‌തിടത്താണ് ഈ സ്ഥിതി. വിലയിടിവും വിപണി കണ്ടെത്താനുള്ള പ്രയാസവുമാണ് കർഷകരെ കരിമ്പിൽനിന്ന് അകറ്റിയത്. വിളവിറക്കി 10 മാസത്തിനുശേഷം വിളവെടുക്കുന്ന രീതിയാണ് കരിമ്പിന്. മികച്ച വില ലഭിക്കാതെവന്നതോടെ ശർക്കരയാക്കി (വെല്ലം) വിൽപ്പന നടത്താനും കർഷകർ ശ്രമിച്ചു. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വെല്ലത്തെ അപേക്ഷിച്ച് കൂടുതൽ വില ലഭിക്കുന്നുണ്ടെങ്കിലും അധ്വാനവും ചെലവും ഒത്തുനോക്കിയാൽ നഷ്ടക്കണക്കുമാത്രം. ഇതോടെ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായി. കരിമ്പുകൃഷിക്ക് പഞ്ചായത്തുതലത്തിൽ ഹെക്ടറിന് 20,000 രൂപവരെ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും കർഷകർക്ക് കരിമ്പിനോട് താൽപ്പര്യം കുറഞ്ഞുവരുന്നതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
സുവർണ കാലഘട്ടം
നഷ്‌ടക്കഥയ്‌ക്കുമുമ്പ് കരിമ്പുകർഷകർക്ക് ഒരു സുവർണകാലഘട്ടംകൂടി ഉണ്ടായിരുന്നു. 1965ൽ മേനോൻപാറയിൽ ഷുഗർ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇതിന് തുടക്കമായത്. ഉൽപ്പാദിപ്പിക്കുന്ന കരിമ്പ് തികയാതെ വന്നതോടെ 1973 മുതൽ കൃഷി അട്ടപ്പാടിയിലേക്കും വ്യാപിപ്പിച്ചു. 2,000 വരെ ഏകദേശം 2,500 ഏക്കറിലധികം കരിമ്പുകൃഷി ഉണ്ടായിരുന്നു. യുഡിഎഫ് സർക്കാർ 1996ൽ ചാരായ നിരോധനം ഏർപ്പെടുത്തിയതോടെ ഷുഗർ ഫാക്ടറിയുടെ പ്രവർത്തനം അവതാളത്തിലായി. ഇതോടെ കർഷകരുടെ താളവും തെറ്റി.
0 comments