പട്ടാന്പിയിൽ ഭാരതപ്പുഴയ്‌ക്ക് കുറുകെ പുതിയ പാലം നിർമാണം അതിവേഗം
പാലമേറുന്ന സ്വപ്‌നം

പട്ടാമ്പിയിൽ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു
പി കെ സുമേഷ്
Published on Feb 11, 2026, 12:57 AM | 1 min read
പട്ടാമ്പി
പട്ടാമ്പിക്കാരുടെയും വ്യാപാരി സമൂഹത്തിന്റെയും ചിരകാല അഭിലാഷമായിരുന്നു പുതിയ പാലം–അത് യാഥാർഥ്യമാകുകയാണ്. പട്ടാമ്പി–തൃത്താല മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിലാണ് പാലം നിർമിക്കുന്നത്. ‘‘രണ്ട് പ്രളയങ്ങളെ അതിജീവിച്ച പാലം നിലവിലുണ്ടെങ്കിലും പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിനും വികസനത്തിനും അപര്യാപ്തമായിരുന്നു. അതുകൊണ്ടാണ് പുതിയ പാലം വേണമെന്ന ആവശ്യമുയർന്നത്. പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നു. മുഹമ്മദ് മുഹസിൻ എംഎൽഎക്കും ഫണ്ട് ലഭ്യമാക്കിയ സംസ്ഥാന സർക്കാരിനും അഭിനന്ദനം’’– കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ് ട്രഷററും ഫോർ ഹോംസ് സ്ഥാപന പാർട്ണറുമായ അബുലെെസിന്റെ വാക്കുകളിൽ നാടിന്റെയാകെ ആഹ്ലാദമുണ്ട്. ഇവിടെയുള്ളത് ഉയരം കുറഞ്ഞ കോസ്‌വേയാണ്. വെള്ളം പൊങ്ങിയാൽ ഗതാഗതം മുടങ്ങും. പരുതൂർ, വെള്ളിയാങ്കല്ല് വഴി കിലോമീറ്ററുകൾ ചുറ്റിവേണം അപ്പോൾ യാത്ര. മഹാപ്രളയം ഇതിനെ വീണ്ടും ദുർബലമാക്കി. ഇൗ സാഹചര്യത്തിലാണ് മുഹമ്മദ് മുഹസിൻ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാലത്തിനായി ശ്രമം തുടങ്ങിയത്. കിഫ്ബിയിലുൾപ്പെടുത്തി 52.576 കോടി രൂപ ചെലവിട്ടാണ് നിർമാണം. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 750 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലം. അഞ്ച് തൂണുകളുടെ നിർമാണം പൂർത്തിയായി. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ എആർഎസ് ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല.










0 comments