കാലത്തിന്റെ കഥകൾ പറഞ്ഞ് ചെർപ്പുളശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ‘വാൾ ഓഫ് പീസ്’
മതിലിൽ നിറയെ, മതിലില്ലാ മനസ്സുകളുടെ ലോകം

ചെർപ്പുളശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വാൾ ഓഫ് പീസ്
സി പി മുഹമ്മദ്‌നൗഫൽ
Published on May 30, 2026, 12:00 AM | 1 min read
ചെർപ്പുളശേരി
ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികളെ ആദ്യം വരവേൽക്കുക ‘വാൾ ഓഫ് പീസ്’. സാധാരണ ചുറ്റുമതിലല്ലിത്. കാലത്തിന്റെ കഥകൾ പറയുന്ന, സമാധാനത്തിന്റെ സന്ദേശം പകരുന്ന, ചരിത്രവും സംസ്കാരവും തുടിക്കുന്ന കലാസൃഷ്ടിയാണ്. ചെർപ്പുളശേരിയുടെ ചരിത്രവും വള്ളുവനാടിന്റെ സാംസ്കാരിക സ്മരണകളും ഗ്രാമീണ ജീവിതത്തിന്റെ നിറങ്ങളും എല്ലാം ചേർത്തുവരച്ച ചരിത്രപുസ്തകം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’(ലോകത്തിലെ എല്ലാവർക്കും സുഖവും സമാധാനവും ഉണ്ടാകട്ടെ) എന്ന ആപ്തവാക്യം മതിലിന്റെ മധ്യത്തിൽ കൊത്തിവച്ചിരിക്കുന്നു. അതിന് ചുറ്റുമായി ഇരുന്നൂറിലധികം ഭാഷകളിൽ സമാധാനം എന്ന വാക്കും. ഓരോ ഭാഷയും ഓരോ സംസ്കാരത്തിന്റെ ശബ്ദമാണെങ്കിലും അവയെല്ലാം ഒടുവിലെത്തുന്നത് സമാധാനത്തോടെ ജീവിക്കുകയെന്ന ആഗ്രഹത്തിലേക്കാണ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാ അധ്യാപകനും പ്രശസ്ത മ്യൂറൽ ചിത്രകാരനുമായ സുരേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അപൂർവ സൃഷ്ടി ഒരുക്കിയത്. 700 അടി നീളവും 10 അടി വീതിയുമുണ്ട്. പതിനാല് പാനലുകളിലായി ചെർപ്പുളശേരിയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതം മതിലിൽ നിറയുന്നു. നാട്ടുകാരുടെ ആവേശവും വികാരവുമായ ഫുട്ബോളും ചിത്രങ്ങളിൽ ശക്തമായ സാന്നിധ്യമാണ്. മഴ നനഞ്ഞ മൈതാനങ്ങളിൽ പന്ത് തട്ടുന്ന കുട്ടികളുടെ ചലനങ്ങളിൽ ചെർപ്പുളശേരിയുടെ ആത്മാവിനെ കാണാം. ഉത്സവങ്ങളുടെ നിറപ്പകിട്ടും കാളവേലകളുടെ സൗന്ദര്യവും കാണാം. സ്വാതന്ത്ര്യസമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ജീവിതം മതിലിൽ ശക്തമായ സാന്നിധ്യമാണ്. ജയിലറകളിലേക്ക് പോകുന്ന അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോൾ സ്വാതന്ത്ര്യത്തിനായി പോരാടിയ തലമുറയുടെ ത്യാഗം അറിയുന്നു. സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചരിത്ര വ്യക്തിത്വങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഖിലാഫത്ത് സമരകാലത്തെ ആൽത്തറ യോഗത്തിന്റെ ദൃശ്യങ്ങൾ മതസൗഹാർദത്തിന്റെയും ജനകീയ ഐക്യത്തിന്റെയും ഓർമകളായി നിലകൊള്ളുന്നു. സമാധാനത്തിന്റെ ഭാഷ ക്ലാസ് മുറികളിലെ പാഠങ്ങൾ പരീക്ഷകൾക്കായി അറിവ് നൽകുമ്പോൾ സഹിഷ്ണുതയും സമത്വവും മനുഷ്യസ്നേഹവും എന്താണെന്ന് ഈ മതിൽ കുട്ടികൾക്ക് പകർന്നുനൽകുന്നു. യുദ്ധങ്ങളുടെയും അസഹിഷ്ണുതയുടെയും വിഭജന രാഷ്ട്രീയത്തിന്റെയും വാർത്തകളാൽ ഇന്നത്തെ ലോകം നിറഞ്ഞുനിൽക്കുമ്പോൾ സർക്കാർ സ്കൂളിന്റെ മതിൽ സമാധാനത്തിന്റെ സന്ദേശം ശക്തമായി ഉയർത്തുന്നു.









0 comments