കുട്ടികളിലെ ആത്മഹത്യ പ്രവണതയില്ലാതാക്കും
മാനസിക പിന്തുണ ഉറപ്പാക്കാൻ മാതാപിതാക്കള്‍ക്ക് പരിശീലനം

പാലക്കാട്
കുട്ടികളിലെ ആത്മഹത്യ പ്രവണത ചെറുക്കാൻ ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് കലക്ടര്‍ എം എസ് മാധവിക്കുട്ടി. കുട്ടികളിലെ ആത്മഹത്യ തടയാൻ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാൻ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാനസിക പിന്തുണ ഉറപ്പാക്കാൻ മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണ്. ആത്മഹത്യ ചിന്ത ഒഴിവാക്കാൻ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നൽകണം. ഇതിനായി വിദ്യാര്‍ഥികളില്‍നിന്ന് വളന്റിയർമാരെയും പരിശീലകരെയും കണ്ടെത്തണമെന്നും കലക്ടർ നിര്‍ദേശിച്ചു. കുട്ടികളിലെ ആത്മഹത്യ പ്രവണതയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുന്ന പ്രൊപ്പോസല്‍ ബാലാവകാശ കമീഷന്‍ അംഗമായ കെ കെ ഷാജു അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിലവിലുള്ള കൗണ്‍സലര്‍മാര്‍ ഉള്‍പ്പെടെ 100 പേരെ ജില്ലയിലെ സ്‌കൂളുകളില്‍ നിയോഗിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി അറിയിച്ചു. കൗണ്‍സലര്‍മാര്‍ക്കുവേണ്ടി സ്‌കൂളുകളില്‍ പ്രത്യേക ഇടം ഒരുക്കുക, വിദ്യാര്‍ഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉള്‍പ്പെടുത്തി മാസ് ക്യാമ്പയിന്‍ നടത്തുക, തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. യോഗത്തില്‍ ബാലവകാശ കമീഷന്‍ അംഗങ്ങളായ പി ഷാജേഷ് ഭാസ്‌കര്‍, കെ കെ ഷാജു, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സേതുമാധവന്‍ എന്നിവർ സംസാരിച്ചു.









0 comments