കലാഗ്രാമത്തിലെ അക്ഷരതേജസ്സായി വെള്ളിനേഴി ഗവ. എൽ പി സ്‌കൂൾ
അരങ്ങിലും അണിയറയിലും നിറയെ...

വെള്ളിനേഴി ജിഎൽപി സ്കൂളിലെ ഗാന്ധിശിൽപ്പം
എം സി അനിൽകുമാർ
Published on May 30, 2026, 12:03 AM | 2 min read
കാറ്റിൽപോലും കൊട്ടും കഥകളിപദങ്ങളും നിറയുന്ന കലയുടെ ഗ്രാമമാണ് വെള്ളിനേഴി. ഇൗ മണ്ണിൽ അക്ഷരവെളിച്ചം നിറച്ചത് ഒന്നര നൂറ്റാണ്ട് പിന്നിട്ട വെള്ളിനേഴി ഗവ. എൽപി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്. കഥകളി വേഷത്തിലെ അതുല്യപ്രതിഭകളായ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, വാഴേങ്കട കുഞ്ചുനായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവർ ആദ്യാക്ഷരം കുറിച്ചതിവിടെ. ഡോ. ചേലനാട് അച്യുതമേനോൻ, സ്വാതന്ത്ര്യസമര സേനാനി തേലക്കാട് ശങ്കരനാരായണൻ നമ്പൂതിരി, കിഴക്കേപ്പാട്ട് ശിവരാമ മേനോൻ എന്നീ പ്രഗൽഭരുടെയും മാതൃവിദ്യാലയം.
കഥയിങ്ങനെ...
വെള്ളിനേഴി ഒളപ്പമണ്ണ മനയുടെ നേതൃത്വത്തിൽ 1875ൽ എഴുത്തുപള്ളിക്കൂടമായാണ് വിദ്യാലയം തുടങ്ങിയത്. പിന്നീട് മൂന്നാംക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായി വളർന്നു. അക്കാലത്ത് ഇന്നത്തെ പൊന്നുള്ളിമഠം വീട്ടുവളപ്പിലായിരുന്നു പള്ളിക്കൂടം. മദിരാശി ഗവൺമെന്റിന്റെ ഗ്രാൻഡ് ഇൻ എയ്ഡോടുകൂടി പ്രാദേശിക ഭാഷാ വിദ്യാലയമായത് 1902 മുതൽ. ഇന്നത്തെ ഹൈസ്കൂൾ വളപ്പിനകത്ത് സ്വന്തം കെട്ടിടത്തിൽ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചത് 1913ൽ. മലബാർ ഡിസ്ട്രിക്ട് ബോർഡ് 1956 ഹൈസ്കൂളാക്കി ഉയർത്തിയതോടെ എൽ പി വിഭാഗത്തെ വെള്ളിനേഴി സെന്ററിനടുത്ത് ഒളപ്പമണ്ണ മനവക വാടക കെട്ടിടത്തിലേക്ക് മാറ്റി. 2001 ജനുവരിയിൽ നിർമിച്ചതാണ് ഇപ്പോഴത്തെ കെട്ടിടം. വെള്ളിനേഴി ഹൈസ്കൂളിൽനിന്ന് സർക്കാർ കൈമാറിയ 30 സെന്റിൽ ഇരുനില കെട്ടിടത്തിലാണ് പ്രവർത്തനം.
‘നിനവും നനവും’
കലയുടെ ഭൂമികയിലെ സ്‌കൂളിന് ചാരുതയേറെ. പ്രവേശന കവാടത്തിനുസമീപം ഓപ്പൺ ഗാന്ധി മന്ദിരം. ശിൽപ്പി മഹേഷ് നാരായണന്റെ കരവിരുതിൽ രൂപമെടുത്ത ഗാന്ധിജിയുടെ ശിൽപ്പം. ഹാളിൽ നാലുഭാഗത്തും വെള്ളിനേഴി കേന്ദ്രമായി വളർന്ന കഥകളി, കലാ, സാഹിത്യ, സംഗീത കലാകാരൻമാരുടെ ചിത്രങ്ങൾ. മഹാകവി ഒളപ്പമണ്ണ, ഒ എം സി നാരായണൻ നമ്പൂതിരിപ്പാട്, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, വാഴേങ്കട കുഞ്ചുനായർ, കീഴ്പടം കുമാരൻ നായർ, വെള്ളിനേഴി നാണുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുൾപ്പെടെ 34 പേരുടെ ചിത്രങ്ങളുണ്ട്. ഒന്നാംക്ലാസ് മുതലുള്ളവരുടെ ഡയറികുറിപ്പുകളും ഫോട്ടോയും ഉൾപ്പെടുത്തിയുള്ള ‘നിനവും നനവും' പുസ്തകം എട്ടുവർഷമായി പ്രസിദ്ധീകരിക്കുന്നു. പ്രീപ്രൈമറി മുതൽ നാലുവരെ 200 കുട്ടികളുണ്ട്. ഇത്തവണ 15 എൽഎസ്‌എസ് വിജയികൾ. അസം സ്വദേശികളായ ആറുകുട്ടികൾ ഇവിടെയുണ്ട്. സി സനോജാണ് പ്രധാനാധ്യാപകൻ. കെ രാംകുമാർ പിടിഎ പ്രസിഡന്റ്.










0 comments