ad
Deshabhimani

അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊല

ഭാഗേലിനെ മര്‍ദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ്‌ നന്ദകുമാർ

Published on Dec 23, 2025, 12:40 AM | 2 min read

വാളയാർ

ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ ഭാഗേലിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ ആക്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതിക്രൂര മർദനമാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെന്ന് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബർ 17ന് പകൽ ഒന്നിനും നാലിനുമിടയ്ക്കാണ് ഭാഗേലിനെ ബിജെപി, ആര്‍എസ്എസ് സംഘം മർദിച്ചത്. രണ്ട് മണിക്കൂറിലേറെ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പ്രതികള്‍ ക്രൂരമായി മർദിച്ചു. ബംഗ്ലാദേശി അല്ലേ എന്ന് ആക്രോശിച്ച് കൈകൊണ്ടും മാരകമായി മർദിച്ചു. ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ രാം നാരായണിന്റെ പുറത്തും കൈകളിലും വടികൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചു. മൂന്നാം പ്രതി മുരളി മുഖത്ത് കൈകൊണ്ടും നാലാം പ്രതി അനന്തൻ വയറില്‍ ചവിട്ടിപ്പരിക്കേൽപ്പിച്ചെന്നും അഞ്ചാം പ്രതി ബിപിൻ കൈകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചതായും സാക്ഷി മൊഴികള്‍. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രാംനാരായണിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നെന്നും ചുണ്ടിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന നിലയിലുമായിരുന്നു ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴത്തെ അവസ്ഥയെന്ന് ഭാഗേലിനെ പരിശോധിച്ച ഡോ. സുബിൻ ഫ്രാൻസിസും മൊഴി നല്‍കിയിട്ടുണ്ട്. ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുന്ന വിധത്തിലേറ്റ മർദനവും മരണകാരണമായേക്കാം എന്ന് റിപ്പോർട്ടില്‍ പറയുന്നു. പ്രതികള്‍ അനു, പ്രസാദ്, മുരളി, വിപിൻ, അനന്തൻ എന്നിവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.

കൂടുതൽ പേർ 
കസ്‌റ്റഡിയിൽ

കേസിൽ കൂടുതൽപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. രാം നാരായൺ ഭാഗേലിനെ മർദിച്ചുകൊന്നശേഷം കടന്നുകളഞ്ഞവരാണ് തിങ്കളാഴ്‌ച വൈകിട്ട് പിടിയിലായതെന്നാണ് വിവരം. രാത്രി വൈകിയും ഇവരെ ചോദ്യം ചെയ്യുകയാണ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി എം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്‌റ്റഡിയിലെടുത്തത്. ഇവരിൽ ചിലരുടെ അറസ്‌റ്റ് അടുത്തദിവസം രേഖപ്പെടുത്തും. പുതിയ അന്വേഷകസംഘം അട്ടപ്പള്ളത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. റിമാൻഡിലുള്ള പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. കസ്‌റ്റഡി അപേക്ഷ ബുധനാഴ്‌ച നൽകിയേക്കും. റിമാൻഡിലുള്ളവരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌താലേ കൂടുതൽ വ്യക്തത വരൂ എന്നാണ് അന്വേഷകസംഘത്തിന്റെ നിലപാട്‌. പ്രതികളെ കിഴക്കേ അട്ടപ്പള്ളത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

തമിഴ്‌നാട്ടിലും വലവിരിച്ചു

പ്രതികൾക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ തിരച്ചൽ നടത്തി അന്വേഷകസംഘം. ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ രാം നാരായൺ മരിച്ചതറിഞ്ഞ ഉടൻ പ്രതികളിൽ ചിലർ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് അന്വേഷകസംഘത്തിന് ലഭിച്ച വിവരം. പ്രതികൾക്ക് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ചിലരുടെ സഹായം ലഭിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവർക്ക്‌ സഹായമൊരുക്കിയവരെയും കേസിൽ കൂട്ടുപ്രതികളാക്കാനാണ് പൊലീസ് നീക്കം. ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം വാളയാർ പൊലീസും ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷകസംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home