പൊരിവെയിലിൽ 
തളരാതെ

ഫറൂഖ്‌ അബ്‌ദുൾ റഹിമാൻ
വെബ് ഡെസ്ക്

Published on Aug 11, 2025, 01:00 AM | 2 min read

മലയാള സിനിമയിൽ പാലക്കാടൻ കരസ്‌പർശമറിയിച്ച കലാകാരൻ ഫറൂഖ്‌ അബ്‌ദുൾ റഹിമാൻ. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് , സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ കലാവഴികളിലൂടെ....



ഫറൂഖ്‌ അബ്‌ദുൾ റഹിമാൻ

പാലക്കാട് ചിറ്റൂരിലെ തത്തമംഗലത്ത് അബ്ദുൾ റഹിമാന്റെയും ആയിഷയുടെയും മകനായി ജനനം. തത്തമംഗലം എസ്എംഎച്ച്എസ്, ചിറ്റൂർ ഗവ. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് (2000), സംസ്ഥാന ചലച്ചിത്ര അവാർഡ് (2012) എന്നിവ ലഭിച്ചു. ‘പുയ പോൽ ചിരിച്ച്‌... മയ പോൽ കരഞ്ഞ് ’എന്ന പുസ്തകം എഴുതി. വടക്കഞ്ചേരി മഞ്ഞപ്ര ‘ കൂട്ടി’ ൽ താമസം. ഭാര്യ: പരേതയായ ഷഹർബാൻ. മക്കൾ: ഫർഹത്‌ ഫറൂഖ്‌, ഫാഹിമ ഫറൂഖ്‌.


അന്നത്തെ എവറെഡി ബാറ്ററിയിലൂടെയാണ്‌ ഞാൻ ലോകത്തെ അറിഞ്ഞത്‌. അഞ്ചാം ക്ലാസിൽ പഠിക്കുംവരെ എന്റെ വീട്ടിൽ മാത്രമായിരുന്നു ആ പ്രദേശത്ത്‌ റേഡിയോ ഉള്ളത്‌. പാട്ട്‌ ഇഷ്‌ടമായതിനാൽ ഉമ്മ എപ്പോഴും എനിക്ക്‌ റേഡിയോവച്ചുതരും. ഞാനതിന്റെ അടുത്തുനിന്ന്‌ മാറുകയേയില്ല. ഒരുപക്ഷേ എന്നിലെ ആസ്വാദകന്‌ തുടക്കമിട്ടതും ഇതായിരിക്കാം. തത്തമംഗലം മാങ്ങോടെന്ന ഗ്രാമത്തിലാണ്‌ ജനനം. വീടിനുമുന്നിലെ മാരിയമ്മൻ കോവിലിൽ എല്ലാ വർഷവും തമിഴ്‌ നാടകാവതരണം ഉണ്ടാകും. സത്യവാൻ സാവിത്രി, ഹരിശ്‌ചന്ദ്ര, നല്ല തങ്ക എന്നിങ്ങനെ ഓരോ വർഷവും ഓരോ നാടകം. ഓർമയിൽ ഇന്നും തെളിയുന്നു രാത്രിയിൽ രാജാവായും പകൽ പണിക്കാരനായും മാറുന്ന കേശവേട്ടന്റെ ചിത്രം. അന്ന്‌ എന്നെ സിനിമയ്‌ക്ക്‌ കൊണ്ടുപോകുക ബന്ധുക്കളായ മുത്തും ഇബ്രാഹിമുമാണ്‌. തത്തമംഗലം ചെന്താമരയിലാണ്‌ ആദ്യമായി സിനിമ കണ്ടത്‌. കുട്ടിക്കാലത്ത്‌ അച്ഛന്‌ തമിഴ്‌നാട്ടിൽ ബിസിനസാണ്‌. ജോലി കഴിഞ്ഞ്‌ മടങ്ങിവന്നാൽ എന്നെ മടിയിലിരുത്തി ഉമ്മയ്‌ക്ക്‌ കഥകൾ പറഞ്ഞുകൊടുക്കും. അടുക്കള ജോലിക്കിടെ ഉമ്മ കഥ കേൾക്കും. ഏതാണ്ട്‌ തീരാറാവുമ്പോൾ ഉമ്മ തന്നെ അതിന്റെ ബാക്കി പറയും. അതുവരെ ആ കഥയിലൂടെയുള്ള സഞ്ചാരമാണ്‌ എനിക്കും ഉമ്മയ്‌ക്കും. എന്റെയുള്ളിൽ സിനിമ എന്ന സ്വപ്‌നം നെയ്‌തത്‌ ഉമ്മയും ഉപ്പയുമായിരിക്കും. തുമ്പച്ചിറ സ്‌കൂളിൽ പഠിക്കുമ്പോൾ മാധവൻ മാഷ്‌ ആദ്യമായി നാടകം കളിക്കാൻ വിളിച്ചു. അങ്ങനെ എല്ലാ വർഷവും സ്‌കൂളിൽ നാടകം കളിക്കാൻ ഞാനുമുണ്ടാകും. നാട്ടിലാണെങ്കിൽ ശിവരാത്രിക്കാണ്‌ പ്രധാനമായും നാടകാവതരണം. നമ്മൾ ഇന്നേവരെ കാണുകയും കേൾക്കുകയും ഇല്ലാത്ത ഒരു ലോകം ദൃശ്യവൽക്കരിച്ചു കാണുമ്പോഴുള്ള അത്യാഹ്ലാദം പറയാതെ വയ്യ. നാടകം കണ്ടും കേട്ടും മതിവരാത്ത നാളുകൾ. ചിറ്റൂർ ഗവ. കോളേജിൽ പഠിക്കുമ്പോഴാണ്‌ കാളിദാസ്‌ പുതുമനയുമായുള്ള ബന്ധം തുടങ്ങുന്നത്‌. വായനയിലേക്ക്‌ ചൂണ്ടുപലക വച്ചുതന്നത്‌ കാളിദാസ്‌ പുതുമനയും ഷഡാനനൻ ആനിക്കത്തുമായിരുന്നു. ​സിനിമ ജീവിതം ​18 –--ാം വയസ്സിൽ ദൂരദർശൻ മലയാളം ടെലിവിഷൻ ഫിലിം ‘നങ്ങേമക്കുട്ടി’ –- (1984) യിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. അതിനുശേഷം മലയാളം സംവിധായകൻ പി എൻ മേനോന്റെ ടെലിവിഷൻ ഫിലിം “ഇതളുകളി ’-ലും അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് ‘സ്ത്രീപർവം’ ഫിലിം നിർമിച്ച്‌, സഹസംവിധായകനായി. ആദ്യം സംവിധാനം ചെയ്ത ടെലിവിഷൻ ചിത്രം ‘വ്യതിയാനം’ തിരുവനന്തപുരം ദൂരദർശൻ സംപ്രേക്ഷണം ചെയ്തതാണ്. പി കുഞ്ഞിരാമൻ നായരുടെ രചനകൾ വല്ലാതെ സ്വാധീനിച്ചു. 12 വർഷത്തെ പരിശ്രമത്തിന് ഫലമായി ‘കളിയച്ഛൻ’ എന്ന സിനിമ ജനിച്ചു. ഈ സിനിമ മികച്ച പുതുമുഖ സംവിധായകനെന്ന നിലയിൽ കേരള സംസ്ഥാന അവാർഡിലേക്ക് നയിച്ചു (2012). കലാവഴികൾ പൊരിവെയിൽ, കളിയച്ഛൻ എന്നിവയാണ്‌ സംവിധാനം ചെയ്ത സിനിമകൾ. ഇതളുകൾ –- മലയാളം ടിവി സീരിയൽ (സംവിധാന സഹായി), നങ്ങേമക്കുട്ടി –- മലയാളം ടെലി-ഫിലിം (സംവിധാന സഹായി) സ്ത്രീപർവം – ടെലി-ഫിലിം (സഹസംവിധായകൻ, നിർമാതാവ് ), കുലം – ടെലി-ഫിലിം (സഹസംവിധായകൻ , നിർമാതാവ് ) കാരുണ്യത്തിന്റെ പുണ്യം –- ടിവി പ്രോഗ്രാം (സംവിധായകൻ, നിർമാതാവ് ) പൊറാട്ട്‌ പെരുമ –- പാലക്കാട്ടെ പൊറാട്ടുകളിയെക്കുറിച്ച് ഡോക്യുഫിക്ഷൻ (സംവിധായകൻ), പെണ്ണരങ്ങ് (സംവിധായകൻ) , ഉപമന്യു ചെറുശേരിയുടെ ഉപമന്യുവിനെ ആധാരമായി ചെയ്ത ടെലി-ഫിലിം (സംവിധായകൻ) , സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ - (സംവിധായകൻ –- കേരള ചലച്ചിത്ര അക്കാദമി അവാർഡിന്‌ അർഹമായി. ) നാട്ടകപ്പൊലിമ –- നാടൻ കലകളെക്കുറിച്ചുള്ള മലയാളം ഡോക്യുമെന്ററി (സംവിധായകൻ) സ്മാരകശിലകൾ –- സീരിയൽ (സംവിധായകൻ). തുഞ്ചത്താചാര്യൻ –- സീരിയൽ (സംവിധായകൻ). സന്ധ്യാ സന്ദേശം ദൂരദർശനിൽ 90 എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തു.


തയ്യാറാക്കിയത്‌: ജിഷ അഭിനയ





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home