ad
Deshabhimani

എല്ലാ റേഷൻകടകളും 
കെ -–സ്റ്റോർആക്കും: മന്ത്രി

അട്ടപ്പാടി ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ്‌ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Oct 18, 2025, 02:00 AM | 1 min read


അഗളി

കേരളത്തിലെ എല്ലാ റേഷൻകടകളും കെ -സ്റ്റോർ ആക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫീസും സഞ്ചരിക്കുന്ന റേഷൻ കടകളും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മുത്തിക്കുളം, ശിങ്കപ്പാറ, തടിക്കുണ്ട്, കിണറ്റുകര, മുരുഗള എന്നീ ഉന്നതികളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രം ലഭ്യമാക്കുന്നതിലുപരി മറ്റ് സേവനങ്ങൾ ലഭിക്കുന്ന ഇടമായി റേഷൻ കടകൾ മാറും. സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ കെ –സ്റ്റോറുകളിൽ ലഭ്യമാക്കും. അട്ടപ്പാടിയിൽ നിലവിൽ രണ്ടുമാസത്തിൽ ഒരിക്കൽ ലഭ്യമാകുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ സേവനം മാസത്തിൽ ഒരിക്കലാക്കും. മുൻഗണനാ കാർഡിനുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കുന്നുണ്ട്. അട്ടപ്പാടിയിൽ എല്ലാ മേഖലയിലും ഘട്ടംഘട്ടമായുള്ള വികസനങ്ങൾ യാഥാർഥ്യമാക്കുകയും ജനങ്ങളുമായുള്ള അകലം കുറയ്‌ക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ​അട്ടപ്പാടി താലൂക്കിൽ 21,550 റേഷൻ കാർഡുകളിലായി 64,103 ഗുണഭോക്താക്കൾക്ക് 500 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് വിതരണംചെയ്യുന്നത്. ആനവായി, മേലേതുടുക്കി, താഴേ തുടുക്കി, ഗലസി, കടുകമണ്ണ എന്നീ ഉന്നതികളിൽ 132 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻ കട വഴി ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. ഇതിനുപുറമെ 114 കുടുംബങ്ങൾക്കുകൂടി സഞ്ചരിക്കുന്ന റേഷൻ കടയുടെ പ്രയോജനം ലഭിക്കും.​ അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് മരുതി മുരുകൻ, വൈസ് പ്രസിഡന്റ് കെ കെ മാത്യു, പൊതുവിതരണ ഉപഭോക്‌തൃകാര്യ കമീഷണർ കെ ഹിമ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, പി രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എ എസ് ബീന, റേഷനിങ്‌ കൺട്രോളർ ബി ജ്യോതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home