ad
Deshabhimani

സ്റ്റേറ്റ്‌ നാർകോട്ടിക്‌സ്‌ എൻഫോഴ്‌സ്‌മെന്റ്‌ ബ്യൂറോ രൂപീകരിക്കും

ദീര്‍ഘകാല മദ്യനയം പരിഗണനയില്‍

എക‍്സെെസ് വകുപ്പിന്റെ വിഷൻ 2031 വികസന സെമിനാറിൽ മന്ത്രി എം ബി രാജേഷ് കരട് നയരേഖ അവതരിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Oct 24, 2025, 02:00 AM | 4 min read

അഖില ബാലകൃഷ്ണൻ

പാലക്കാട്‌

ലഹരി വ്യാപനത്തെ, പ്രത്യേകിച്ച്‌ മയക്കുമരുന്നിന്റെ ഉപയോഗം തടയാൻ സംസ്ഥാന തലത്തിൽ നാർകോട്ടിക്‌സ്‌ എൻഫോഴ്‌സ്‌മെന്റ്‌ ബ്യൂറോ രൂപീകരിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. എക്‌സൈസ്‌ വകുപ്പിന്റെ വിഷൻ 2031ൽ കരട്‌ നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. അതോടൊപ്പം ദീര്‍ഘകാലത്തേക്കുള്ള, കുറഞ്ഞത് അഞ്ചുവര്‍ഷം ലക്ഷ്യംവച്ചുള്ള മദ്യനയം രൂപീകരിക്കുന്നതും പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ആരംഭിക്കേണ്ടതുണ്ട്. വ്യവസായ, വിനോദസഞ്ചാര സൗഹൃദമാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഇത്തരമൊരു നീക്കം. മദ്യത്തെ വ്യവസായമായി മാത്രംകണ്ട്‌ കൂടുതൽ നിക്ഷേപം, വരുമാനം, തൊഴിൽ സാധ്യതകൾ തുടങ്ങിയവ കണ്ടെത്തണം. കേരളം ലഹരിയുടെ ഉറവിടമല്ല, ഇവിടെയെത്തുന്ന ലഹരിക്ക്‌ അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ട്‌. സൈബർ സെൽ ആധുനികവൽക്കരിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നതിന്‌ മാപ്പിങ്‌, എഐ നിരീക്ഷണം തുടങ്ങിയവ ശക്തമാക്കും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‌ എക്‌സൈസിനെ വിപുലീകരിക്കും. മദ്യത്തെ ഒരു വ്യവസായമായി മാത്രം വളർത്തുകയുമാണ്‌ പ്രധാന ഭാവി വികസന ലക്ഷ്യം. എക്‌സൈസ്‌ വകുപ്പിനെ വരുമാനശേഖരണം, എൻഫോഴ്‌സ്‌മെന്റ്‌ എന്നിങ്ങനെ വേർതിരിക്കും. വീര്യം കുറഞ്ഞ തദ്ദേശ മദ്യം, സ്പിരിറ്റ്‌, എഥനോൾ എന്നിവയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ളുവ്യവസായം ആധുനികവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് കമീഷണർ എം ആർ അജിത്കുമാർ എക്‌സൈസ് വകുപ്പിന്റെ പത്തുവർഷത്തെ നേട്ടങ്ങളെക്കുറിച്ച്‌ റിപ്പോർട്ട് അവതരിപ്പിച്ചു. ബിവറേജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി സ്വാഗതവും അഡീഷണൽ എക്‌സൈസ് കമീഷണർ ദേവമനോഹർ നന്ദിയും പറഞ്ഞു. നാലുവേദികളിൽ നാലുവിഷയങ്ങളിൽ രണ്ടു മണിക്കൂർ വീതമായിരുന്നു ചർച്ചകൾ. വിനോദസഞ്ചാരവും വ്യാവസായിക വളർച്ചയും–വ്യാവസായിക സ‍ൗഹൃദ മദ്യനയത്തിന്റെ അനിവാര്യത, മയക്കുമരുന്നുരഹിത നവകേരളം – പ്രതിരോധവും പ്രതീക്ഷകളും, കേരളത്തിലെ കള്ള്‌ വ്യവസായം–നവീകരണവും സുസ്ഥിരവികസനവും, എക്‌സൈസ്‌ നിയമ പരിഷ്കരണവും ലഹരി പ്രതിരോധത്തിലെ പ്രായോഗിക വശങ്ങളും എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.


വൈദ്യുതി വകുപ്പ് ‘വിഷൻ 2031’ സെമിനാർ ഇന്ന്‌

‘വിഷൻ - 2031’ വൈദ്യുതി വകുപ്പിന്റെ സംസ്ഥാന സെമിനാർ ‘പവർഫുൾ കേരളം’ വെള്ളി പകൽ 10 മുതൽ അഞ്ചുവരെ മലമ്പുഴ ഹോട്ടൽ ട്രൈപെന്റയിൽ നടക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി കരട് നയരേഖ അവതരിപ്പിക്കും. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ കഴിഞ്ഞ ഒമ്പതുവർഷത്തെ പ്രധാന നേട്ടങ്ങൾ അവതരിപ്പിക്കും. 12 സെഷനുകളിലായാണ്‌ ചർച്ച നടക്കുക.


കള്ളുവ്യവസായം 
ആധുനികമാകണം

കള്ളുവ്യവസായ മേഖലയിൽ ആവശ്യമായ കാലോചിത മാറ്റം ചർച്ചയായി വേദി മൂന്ന്‌. അബ്‌കാരി നിയമം പരിഷ്കരിക്കണം, അതത്‌ ജില്ലകളിൽ കള്ളുചെത്ത്‌ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു. ​സംസ്ഥാന കള്ളുവ്യവസായ വികസന ബോര്‍ഡ് ചെയര്‍മാൻ യു പി ജോസഫ് അധ്യക്ഷനായി. സംസ്ഥാന കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയർമാൻ എന്‍ വി ചന്ദ്രബാബു, കേരള കാര്‍ഷിക സര്‍വകലാശാല പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. സജി ഗോമസ്, എന്‍ഐഐഎസ്‌ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം വി രേഷ്മ, നാളികേര വികസന ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍ ദീപ്തി, വ്‌ളോഗറും സിനിമ-–സീരിയല്‍ താരവുമായ എന്‍ കെ കിഷോര്‍, ചെത്തുതൊഴിലാളികളായ സി ഷീജ, ഡി പി മധു എന്നിവര്‍ പങ്കെടുത്തു.


മയക്കുമരുന്ന്‌ തടയണം

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നിയമം വേണമെന്ന്‌ ‘എക്‌സൈസ് നിയമപരിഷ്‌കരണം’– വിഷയത്തിലെ ചർച്ച. ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിച്ച് നടപടിയെടുക്കണം. എന്‍ഡിപിഎസ് ആക്ടുമായി ബന്ധപ്പെട്ട് പരിശീലനപരിപാടി വകുപ്പ് തലത്തില്‍ ശക്തമാക്കണം. സംസ്ഥാന ഹൈക്കോടതി ​റിട്ട. ജഡ്ജി ജസ്റ്റിസ് പി വി അജിത്‌കുമാർ അധ്യക്ഷനായി. ഹൈക്കോടതി സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ ടു എജി അഡ്വ. വി മനു, സ്റ്റേറ്റ് എക്‌സൈസ് അക്കാദമി മുന്‍ പ്രിന്‍സിപ്പൽ വി പി സുരേഷ്‌കുമാര്‍, പാലക്കാട് എന്‍ഡിപിഎസ് കോടതി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. ശ്രീനാഥ് വേണു, ടോഡി ബോര്‍ഡ് സിഇഒ ജി അനില്‍കുമാര്‍, റി.ട്ട ജോയിന്റ് എക്‌സൈസ് കമീഷണര്‍ ആര്‍ ജയചന്ദ്രന്‍, ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് സി നായര്‍, ഐഎംഎഫ്എല്‍ സപ്ലെയേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡിസ്റ്റിലേഴ്‌സ് ജോസഫ് ബിനോയ്, ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ ഡി ബിജു, സംസ്ഥാന വിമുക്തി കോ–ഓര്‍ഡിനേറ്റര്‍ എസ് വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


ബോധവൽക്കരണം 
പാഠ്യപദ്ധതിയിൽ വേണം

ലഹരിയെ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്ന ‘അഡിക്ഷന്‍ ലിറ്ററസി' സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന്‌ ചർച്ചയിൽ അഭിപ്രായം. ഡി അഡിക്ഷന്‍ സെന്ററുകളില്‍നിന്ന് മോചിതരാകുന്നവർക്ക്‌ പിന്നീടും മേല്‍നോട്ടം നല്‍കണം. ലഹരിയുടെ ആവശ്യകത കുറയ്ക്കലാണ് പ്രധാനം. എക്‌സൈസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ അധ്യക്ഷനായി. തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഹരിശങ്കര്‍, ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍, മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എറണാകുളം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ദയ പാസ്‌കല്‍, കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. മോഹന്‍ റോയ്, എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ഗവ. പ്ലീഡര്‍ അഡ്വ. രാജേഷ്, പാലക്കാട് ഷാലോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സൈക്കോളജിസ്റ്റ് ജെയ്സണ്‍ ജോയ്, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ വേണുഗോപാല്‍ ജി കുറുപ്പ് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.


മദ്യശീലത്തിലെ മാറ്റങ്ങൾ കണ്ടെത്തെണം

ഉത്തരവാദിത്വത്തോടെ മദ്യപിക്കാനുള്ള ശീലം കേരളത്തിൽ ഉയർന്നുവരണമെന്ന്‌ ‘വ്യാവസായിക സൗഹൃദ മദ്യനയത്തിന്റെ അനിവാര്യത’ വിഷയത്തിലെ ചർച്ചയിൽ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ഓഡിറ്റിങ്ങിലൂടെ മദ്യശീലത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടെത്തണം. സംസ്ഥാനത്തെ ഉൽപ്പാദന കേന്ദ്രമാക്കുന്നതോടൊപ്പം വ്യവസായ സ‍ൗഹൃദമാക്കണം. വിനോദ സഞ്ചാരത്തിന്‌ വെല്ലുവിളിയാകുന്ന എക്‌സൈസ്‌ നിയമങ്ങളിൽ മാറ്റംവേണം. ഡ്രൈഡേ, ബാറുകൾക്കുള്ള സമയപരിധി, ലൈസൻസിങ്‌ ഇവയിൽ ഇളവ്‌ വേണം. ബെവ്കോ പ്രീമിയം ഔട്ട്‌ലെറ്റുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. കേരളത്തിൽ എല്ലാ മേഖലയിലും വിനോദസഞ്ചാരത്തിന്‌ സാധ്യതയുള്ളതിനാൽ നിയമങ്ങൾ ഏകീകരിക്കണം, കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപമുള്ള ഇഎൻഎ, ബ്രൂവറി യൂണിറ്റുകൾ തുടങ്ങാനുള്ള സന്നദ്ധത പാനലിസ്റ്റായ എൻ ജയമുരുഗൻ ചർച്ചയിൽ അറിയിച്ചു. ​ബിവറേജസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടല്ലൂരി അധ്യക്ഷയായി. ഐഎംഎഫ്എല്‍ സപ്ലയേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ കെ ധനകുമാര്‍, ഡിസ്റ്റിലേഴ്സ് ആന്‍ഡ് ഐഎംഎഫ്എല്‍ സപ്ലയേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ജോസഫ്, മാധ്യമപ്രവർത്തകൻ രാജീവ് ദേവരാജ്, ന്യൂഡല്‍ഹി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജസ് കോണ്‍ഫെഡറേഷന്‍ ഡിസ്ട്രിക്ട് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് എസ് അയ്യര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ റിട്ട. പ്രസിഡന്റ് കെ ബി പത്മദാസ്, കേരള ട്രാവല്‍സ് സൊസൈറ്റി പ്രസിഡന്റ്‌ ജോസ് പ്രദീപ്, ഹോര്‍ട്ടി വൈന്‍സ് പ്രതിനിധി പി ഒ തോമസ് എന്നിവർ പങ്കെടുത്തു.


കരട്‌ നയരേഖ– നിർദേശങ്ങൾ

■ സ്റ്റേറ്റ്‌ നാർകോട്ടിക്‌സ്‌ എൻഫോഴ്‌സ്‌മെന്റ്‌ ബ്യൂറോ രൂപീകരിക്കുമ്പോൾ എക്‌സൈസ്‌, പൊലീസ്‌ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ■ സിന്തറ്റിക് ഡ്രഗിന്റെ ഓൺലൈൻ വ്യാപാരത്തിനും ഡാർക്ക് വെബ് വഴിയുള്ള വിൽപ്പനയ‍്ക്കുമെതിരെ ആധുനിക രീതിയിലുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കും. ■ കാർഷിക മേഖലയ്ക്ക്‌ ഉ‍ൗർജമാകുന്ന വിധത്തിൽ കേരളത്തിൽ ലഭ്യമായ വിളകളിൽനിന്ന്‌ വീര്യംകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കും. ■ കള്ളുവ്യവസായത്തെ കാലാനുസൃത മാറ്റങ്ങളോടെ അവതരിപ്പിക്കും. കേരളത്തിന്റെ തനതു പാനീയമെന്ന നിലയിൽ സ്വദേശത്തും വിദേശത്തും എത്തിക്കും. 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ■ ടോഡി ടൂറിസം സർക്യൂട്ടുകൾ നടപ്പാക്കണം. കള്ള് ചെത്തുതൊഴിലാളികൾക്ക് ആധുനിക സുരക്ഷാ സംവിധാനങ്ങളും യന്ത്രങ്ങളും ഏർപ്പെടുത്തണം. ■ വിദേശമദ്യം, കള്ള്‌ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ■ ഒരു നൂറ്റാണ്ട് പഴക്കമുള്ള അബ്കാരി ആക്ടിൽ സമഗ്ര പരിഷ്കരണം നടത്തും. മദ്യവർജനം പ്രോത്സാഹിപ്പിക്കും. ■ ബിവറേജസ്‌ ഒ‍ൗട്ട്‌ലെറ്റുകൾ വിപുലീകരിക്കും. പ്രീമിയം മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കും. എല്ലാതരം മദ്യവും ലഭിക്കുന്ന പബ്ബുകൾ ആരംഭിക്കും. ■ പുതിയ വെയർഹ‍ൗസുകൾ, ആധുനികവും സുരക്ഷിതവുമായ സംഭരണശാലകൾ എന്നിവ നിർമിക്കും. ഉപഭോക്തൃ സ‍ൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കും. ജീവനക്കാർക്ക്‌ പരിശീലനം നൽകും.


ലഹരി തടയുന്നതിൽ കേരളം മാതൃക

ചെറിയ മയക്കുമരുന്ന്‌ കേസുകളിൽപ്പോലും ശിക്ഷ ഉറപ്പാക്കുന്ന കേരളം രാജ്യത്തിന്‌ മാതൃകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പത്തുവർഷത്തിനുള്ളിൽ 500 കോടി രൂപയുടെ മയക്കുമരുന്നാണ്‌ സംസ്ഥാനത്ത്‌ പിടികൂടിയത്‌. ഇതിൽ ശിക്ഷാനിരക്ക്‌ 95 ശതമാനത്തിനും മുകളിലാണ്‌. സംസ്ഥാന സർക്കാർ രൂപീകരിച്ച എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിൽ 30 വർഷംവരെ തടവുശിക്ഷ ഉറപ്പാക്കി. ആൻഡമാനിൽപ്പോയി 100 കോടിയുടെ മയക്കുമരുന്ന് പിടിക്കാൻ കഴിഞ്ഞതും എക്‌സൈസിന്റെ നേട്ടമാണ്‌. ഇതുകൂടാതെ അഞ്ചുവർഷത്തിനകം വകുപ്പിൽ 1,249 പുതിയ നിയമനങ്ങൾ നടത്തിയെന്നും 102 പുതിയ തസ്തികകൾ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home