ad
Deshabhimani

മോഷ്ടിച്ച 10 പവനും പണവും ഉപേക്ഷിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 13, 2026, 02:00 AM | 1 min read

ആലത്തൂർ

വീട്ടിൽനിന്ന്‌ മോഷ്ടിച്ച സ്വർണവും പണവും കിണറിനുസമീപം ഉപേക്ഷിച്ച നിലയിൽ. തരൂർ പഴമ്പാലക്കോട് പി കെ ജോയിയുടെ വീട്ടിൽനിന്ന്‌ നഷ്ടമായ സ്വർണവും പണവുമാണ് വീട്ടുമുറ്റത്തെ കിണറിന് സമീപത്തുനിന്ന്‌ ലഭിച്ചത്. ഞായർ രാവിലെ ചെറിയ കടലാസ് പെട്ടി കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അതിൽ മോഷണംപോയ സ്വർണവും പണവും കണ്ടത്. ഉടൻ ആലത്തൂർ പൊലീസിനെ അറിയിച്ചു. മാർച്ച് 31നാണ് മോഷണം നടന്നത്. ജോയിയുടെ ഭാര്യ ചൊവ്വാഴ്ചകളിൽ ചേലക്കരയിലെ പള്ളിയിലേക്ക് പോകാറുണ്ട്‌. ഇവരെ തിരികെ വീട്ടിലെത്തിക്കാൻ ജോയി പോയത്‌ മനസ്സിലാക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനുപുറത്ത് ഷൂവിൽ സൂക്ഷിച്ച താക്കോലെടുത്ത് പൂട്ടുതുറന്ന് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ ആഭരണങ്ങളും തൊണ്ണൂറായിരം രൂപയും മോഷ്ടിക്കുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് ജോയിയും ഭാര്യയും മോഷണവിവരം അറിഞ്ഞത്. തിരിച്ചുകിട്ടിയ വസ്തുക്കൾ അടങ്ങിയ കടലാസുപെട്ടി വീട്ടുകാർ തുറന്നുനോക്കിയതിനാൽ വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വർണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കി കേസ് അവസാനിപ്പിക്കുമ്പോൾ ഉടമസ്ഥർക്ക് തിരികെ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home